spice

 ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം.

കൊച്ചി: കേന്ദ്രസർക്കാരിന് കീഴിലെ സുഗന്ധവ്യഞ്ജന കയറ്റുമതി വികസന ഏജൻസിയായ സ്‌പൈസസ് ബോർഡിന് ഇന്ന് 35-ാം പിറന്നാൾ. ആഘോഷങ്ങളിൽ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ മുഖ്യാതിഥിയാകും.

തപാൽവകുപ്പിന്റെ കോട്ടയം ഡിവിഷൻ തയ്യാറാക്കിയ സ്‌പൈസസ് ബോർഡ് ആസ്ഥാനചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് ഓൺലൈനിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ആരംഭിക്കുന്ന ചടങ്ങിൽ മന്ത്രി പുറത്തിറക്കും. പശ്ചിമഘട്ടത്തിലെ ഏലം കർഷകർക്കായി ബോർഡ് നടപ്പാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയും ഉദ്ഘാടനം ചെയ്യും. കർഷകരുമായും കയറ്റുമതിക്കാരുമായും മന്ത്രി ഓൺലൈനിൽ സംവദിക്കും.

വാണിജ്യ മന്ത്രാലയ സെകട്ടറി ബി.വി.ആർ .സുബ്രന്മണ്യം മുഖ്യപ്രഭാഷണം നടത്തും. ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഡി. സത്യൻ, അഗ്രികൾച്ചറൽ ഇൻഷ്വറൻസ് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മലായ്‌കുമാർ പൊദ്ദാർ എന്നിവർ പങ്കെടുക്കും.

ഇടുക്കിയിൽ വിള ഇൻഷ്വറൻസ്
കാലാവസ്ഥാനുസൃത വിള ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതി 2026 വരെ ഇടുക്കിയിലെ 2,500 ഹെക്ടർ പ്രദേശത്തെ കർഷകർക്ക് ലഭ്യമാക്കും. പൈലറ്റ് പദ്ധതിയായാണ് നടപ്പാക്കുന്നത്. മാർച്ച് മൂന്നിന് സുഗന്ധവ്യഞ്ജനക്കൂട്ടുകളിലെ ഘടകങ്ങളെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റുമായി ചേർന്ന് സെമിനാറും നാലിന് ജപ്പാനിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ബയർ-സെല്ലർ മീറ്റും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ നടത്തും.

ഏലംകൃഷി മേഖലയിൽ അത്യുത്പാദനം കൈവരിച്ച കർഷകർക്കുള്ള പുരസ്‌കാരം ഒമ്പതിന് കൊച്ചിയിൽ വിതരണം ചെയ്യും. 11ന് കയറ്റുമതിക്കാരുടെ ഉച്ചകോടിയും സംഘടിപ്പിക്കും.