ukraine

കൊച്ചി: യുക്രെയിനിലെ ഇവാനോ ഫ്രാങ്കവിസ്‌ക്, മിക്കോലൈവ്, ലിവീവ് തുടങ്ങിയ സ്ഥലങ്ങളിലെ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ രക്ഷാദൗത്യത്തിലൂടെ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ഇവിടങ്ങളിൽ ആക്രമണം നടന്നിട്ടില്ലെന്നതു മാത്രമാണ് ആശ്വാസമെന്ന് എറണാകുളം, തൃശൂർ, പത്തനംതിട്ട ജില്ലക്കാരായ വിദ്യാർത്ഥിൾ കേരളകൗമുദിയോട് പറഞ്ഞു. അവരിൽ ചിലർ തങ്ങളുടെ അവസ്ഥ പങ്കുവയ്ക്കുന്നു.

റോഡ് ഗതാഗതമില്ല

പെട്രോമൊഹില ബ്ലാക്ക് സീ ദേശീയ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രക്ഷാദൗത്യം സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഹംഗറിയിൽ നിന്നാണ് ഇന്ത്യയിലേക്ക് വരാനാവുക. മിക്കോലൈവിൽനിന്ന് ഹംഗറിയിലേക്ക് റോഡ്, വ്യോമഗതാഗതമില്ല. ട്രെയിനിലെത്താൻ 12മുതൽ 15മണിക്കൂർ വേണം. ഇതിപ്പോൾ സാദ്ധ്യമാണോയെന്ന് വ്യക്തമല്ല. അറിയിപ്പ് കാത്തിരിക്കുകയാണ്.

ലക്ഷ്മി കെ.പി
എറണാകുളം, വൈറ്റില സ്വദേശി
(യുക്രെയിനിൽ മിക്കോലൈവ്)

പുറത്തിറങ്ങാനാവില്ല

ഇപ്പോഴിവിടെ പ്രശ്‌നമില്ല. അടുത്ത പ്രദേശങ്ങളിൽ കഴിഞ്ഞദിവസം രാവിലെ ഷെല്ലാക്രമണം ഉണ്ടായിരുന്നു. വിമാനത്താവളത്തിനടുത്തായിരുന്നു ആക്രമണം. പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ട്. സായുധരായ സൈനികർ സംശയം തോന്നുന്നവരെ പരിശോധിക്കുന്നുണ്ട്. ഭക്ഷണശാലകൾ ഉൾപ്പെടെ അടച്ചു. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും മെഡിക്കൽ ഷോപ്പുകൾക്കുമാണ് പ്രവർത്തനാനുമതി. ചെന്നൈ സ്വദേശി ഉൾപ്പെടെ അഞ്ചുപേരാണ് ഫ്ളാറ്റിൽ ഒരുമിച്ചുള്ളത്.

നോയൽ വിവിയൻസി
തൃശൂർ
(യുക്രെയിനിൽ ഇവാനോഫ്രാങ്ക്‌വിസ്‌ക്)


പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് പ്രതീക്ഷ

നേരിട്ടിട്ടില്ലാത്ത സാഹചര്യമായതിനാൽ ആശങ്കയുണ്ട്. നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു. ഇവിടം പ്രശ്‌നബാധിതമാകില്ലെന്നാണ് പ്രതീക്ഷ. മലയാളികളായ ഏഴു പേരാണ് അപ്പാർട്ട്‌മെന്റിലുള്ളത്.

അലീന ജോസ്
തൃശൂർ, കാഞ്ഞാണി
(യുക്രെയിനിൽ മീക്കോ ലൈവ്)

മടങ്ങാൻ കാത്തിരിക്കുന്നു

രക്ഷാദൗത്യം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഫോം പൂരിപ്പിച്ചു നൽകി കാത്തിരിക്കുകയാണ്. അടുത്തുള്ള ഹംഗറി വഴിയാകും രക്ഷാദൗത്യത്തിന് സാദ്ധ്യത.

അശ്വിൻ, അനസൂയ
സഹോദരങ്ങൾ
മെഡിക്കൽ വിദ്യാർത്ഥികൾ തൃശൂർ, വെള്ളിക്കുളങ്ങര
(യുക്രെയിനിൽ ഇവാനോഫ്രാങ്ക്‌വിസ്‌ക്)

 എംബസിയുടെ നിർദ്ദേശങ്ങൾ


 മലയാളി വിദ്യാർത്ഥികൾ

50-65 ഇവാനോ ഫ്രാങ്ക്‌വിസ്‌ക് സർവകലാശാല

280-320 പെട്രോ മൊഹില ബ്ലാക്ക്‌സീ ദേശീയ സർവകലാശാല