
കൊച്ചി: വിശാലകൊച്ചി വികസന അതോറിറ്റിയുടെ (ജി.സി.ഡി.എ) മാസ്റ്റർപ്ളാൻ കാലോചിതമായി പരിഷ്കരിക്കുമെന്ന് ചെയർമാൻ കെ.ചന്ദ്രൻപിള്ള പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെയർമാൻ .
പുത്തൻ പദ്ധതികൾ ഇവ
കലൂർ - കടവന്ത്ര റോഡ് കോർപ്പറേഷന് കൈമാറും. മട്ടാഞ്ചേരി ബി.ഒ. ടി പാലം മാർച്ചിൽ പൊതുമരാമത്ത് വകുപ്പിനെ ഏല്പിക്കും.
സുരക്ഷ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ മേൽക്കൂര പൊളിച്ച് പുതിയത് സ്ഥാപിക്കും. സ്റ്റേഡിയം നടത്തിപ്പ് സംബന്ധിച്ച് കെ.സി. എ, കെ.എഫ്. എ, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരുമായി ചർച്ച നടത്തും.
ഗാന്ധിജി, നെഹ്റു, ടാഗോർ തുടങ്ങിയ മഹാരഥൻമാരുടെ കാൽപ്പാടുകൾ പതിഞ്ഞ രാജേന്ദ്ര മൈതാനം ചരിത്ര, സാംസ്കാരിക പ്രാധാന്യം നിലനിർത്തി നവീകരിക്കും. ലേസർ ഷോ മറ്റൊരിടത്തേക്ക് മാറ്റും.
2006 മുതൽ ചർച്ച ചെയ്യുന്ന 64 കിലോ മീറ്റർ ദൈർഘ്യമുള്ള ഒൗട്ടർ റിംഗ് റോഡിന്റെ രൂപരേഖ കാലോചിതമായ മാറ്റങ്ങളോടെ പരിഷ്കരിക്കും
കോർപ്പറേഷന്റെ സഹകരണത്തോടെ കടവന്ത്ര - തൈക്കൂടം ബണ്ട് റോഡ് യാഥാർത്ഥ്യമാക്കും. 250 മീറ്ററോളം സ്ഥലത്തെ ചൊല്ലിയാണ് തർക്കം . മൂന്ന് വ്യക്തികളുടെയും ഒരു സ്ഥാപനത്തിന്റെയും കൈവശമാണ് ഈ സ്ഥലം. പദ്ധതിയിൽ തർക്കമില്ലാത്ത ഭാഗത്ത് നിർമാണം തുടങ്ങി.
വാടകപിരിവുമായി ബന്ധപ്പെട്ട് ധാരാളം പരാതികളുണ്ട്. നിശ്ചയിച്ച വാടക നൽകാത്തവരുണ്ട്. . വാടക സംബന്ധിച്ച് പഠനം നടത്തും ഇക്കാര്യത്തിലും കാലോചിതമായ മാറ്റങ്ങൾ വരുത്തും.
ഗാന്ധിനഗർ പി.ആൻഡ്.ടി കോളനിനിവാസികൾക്കായി മുണ്ടംവേലിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റിന്റെ നിർമ്മാണം മേയ് 20 ഓടെ പൂർത്തിയാക്കും.
മുണ്ടംവേലി മത്സ്യഫാമിലെ മീനുകളെ ലേലം നടത്തും. ഇവിടെ ആധുനിക കോംപ്ലക്സ് നിർമ്മിക്കും. വാക്വേ, സൈക്കിളിംഗ്, ഓപ്പൺ ജിം എന്നിവ ഒരുക്കും
മറൈൻഡ്രൈവിനെ ഇടപ്പള്ളിചങ്ങമ്പുഴ പാർക്ക് പോലെയാക്കും. ഇവിടെ എല്ലാ ദിവസവും പരിപാടികൾ അവതരിപ്പിക്കാൻ കഴിയുന്നവിധത്തിൽ കലണ്ടർ തയ്യാറാക്കും
അംബേദ്കർ സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന് കായിക സംഘടനകളുമായി ചർച്ച നടത്തും
സ്ത്രീകൾക്കായി മറൈൻഡ്രൈവിലും കലൂർ സ്റ്റേഡിയത്തിലും അത്യാധുനിക വാഷ് റൂമുകൾ ഒരുക്കും
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് നവീകരിക്കാൻ ആർക്കിടെക്റ്റുകളുടെ കൺസോർഷ്യവുമായി ചർച്ച നടത്തി രൂപരേഖയുണ്ടാക്കും. ഇതിന് ചില കമ്പനികളുടെ സി.എസ്. ആർ ഫണ്ടും ലഭിക്കുമെന്നാണ് പ്രതീക്ഷ.