കൊച്ചി: കൊച്ചി മെട്രോയ്‌ക്ക് സ്ഥലം ഏറ്റെടുക്കുന്നത് നിലവിലെ മാർക്കറ്റ് വില അടിസ്ഥാനമാക്കിയല്ലെന്നാരോപിച്ച് നൽകിയ ഹർജിയിൽ ഹർജിക്കാരിയുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തൃപ്പൂണിത്തുറ സ്വദേശിനി പ്രൊഫ. ഷൈലജ ചേന്നാട്ട് നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്ന മാർച്ച് 19 വരെ നടപടികൾ നീട്ടിവെക്കാൻ നിർദ്ദേശിച്ചത്. ഹർജിക്കാരിയുടെ ഭൂമിയുടെ സമീപത്തെ സ്ഥലങ്ങൾ 2017 ൽ ഒരു ആറിന് (2.74 സെന്റ്) 61 - 86 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. എന്നാൽ തഹസിൽദാർ പരിഗണിച്ചത് 2019 ലെ രജിസ്ട്രേഷൻ രേഖയാണെന്നും ഇതനുസരിച്ച് ഒരു ആറിന് 21 - 38 ലക്ഷം രൂപവരെയാണ് നിശ്ചയിച്ചതെന്നും ഹർജിയിൽ പറയുന്നു. തന്റെ ഭൂമി ഏറ്റെടുക്കുമ്പോൾ മാർക്കറ്റ് വിലയനുസരിച്ചുള്ള തുക ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പ്രൊഫ. ഷൈലജ ഹൈക്കോടതിയെ സമീപിച്ചത്. ഉയർന്ന വിലയ്ക്ക് ഭൂമി കൈമാറ്റം നടന്നതുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരി ഹാജരാക്കാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.