v

കൊച്ചി: അപൂർവമായ മഹാകുബേരയാഗം പാലക്കാട് ജില്ലയിലെ ചളവറ കുബേര ക്ഷേത്രവളപ്പിൽ ഏപ്രിൽ17 മുതൽ 25 വരെ നടത്തും. 'ധനം കണ്ടെത്തുക, ജീവിതത്തെ പുനഃസൃഷ്ടിക്കുക' എന്ന മന്ത്രവുമായാണ് യാഗം ഒരുക്കുന്നതെന്ന് ലോർഡ് കുബേര ട്രസ്റ്റ് അധികൃതർ അറിയിച്ചു.

ധനത്തിന്റെ ദേവനായ കുബേരനെ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് ഒറ്റപ്പാലത്തിന് സമീപം ചളവറയിലേത്. മുഖ്യപ്രതിഷ്ഠയായ കുബേരന് പുറമെ ലക്ഷ്‌മി വിനായക, മഹാലക്ഷ്‌മി, ശ്രീകൃഷ്ണൻ എന്നീ ഉപപ്രതിഷ്ഠകളുമുണ്ട്. പത്തേക്കർ സ്ഥലത്ത് തയ്യാറാക്കുന്ന വേദിയിലാണ് യാഗമെന്ന് ക്ഷേത്ര ട്രസ്റ്റി ജിതിൻ ജയകൃഷ്ണൻ പറഞ്ഞു. കൊവിഡ് മഹാമാരിയിൽനിന്ന് ലോകത്തെ ഉണർത്തി പുതുജീവനും ഓജസും നൽകുകയാണ് യാഗത്തിന്റെ ലക്ഷ്യം. പ്രശസ്ത വൈദികൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന യാഗത്തിൽ ബദരീനാഥ് കുബേരക്ഷേത്രം ഉൾപ്പെടെ പ്രധാനക്ഷേത്രങ്ങളിലെ തന്ത്രിമാർ പങ്കെടുക്കും. പ്രതിദിനം ഒരു ലക്ഷം പേർ യാഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. തന്ത്രി മഠപ്പിലാപ്പിള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്, കരിമ്പുഴ രാമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.