bava

വോട്ടെടുപ്പ് ഓൺലൈനിൽ

കൊച്ചി: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ വോട്ടെടുപ്പിലൂടെ ഏഴ് പുതിയ മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുത്തു. മത്സരിച്ച 11 പേരിൽ കൂടുതൽ വോട്ട് ലഭിച്ച ഫാ. എബ്രഹാം തോമസ്, ഫാ. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഡോ.റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വർഗീസ് കെ. ജോഷ്വ, ഫാ. വിനോദ് ജോർജ് , ഫാ.സഖറിയാ നൈനാൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സഭാതലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുടെ സാന്നിദ്ധ്യത്തിൽ കോലഞ്ചേരിയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യൻ അസോസിയേഷന്റെ യോഗത്തിലായിരുന്നു വോട്ടെടുപ്പ്.
മുൻ ഐ.എ.എസ് ഓഫീസറായ സി.കെ. മാത്യു ആയിരുന്നു വരണാധികാരി.

ഫാ. എബ്രഹാം തോമസ്

പത്തനംതിട്ട മൈലപ്ര സ്വദേശി. കോട്ടയം പഴയ സെമിനാരിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. കുന്നംകുളം കരിക്കാട് സെന്റ് മേരീസ് പള്ളി വികാരിയാണ്. മാത്തമാറ്റിക്സിൽ ബിരുദധാരി. ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. ഓർത്തഡോക്സ് സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധത്തിനുള്ള കമ്മിഷന്റെ സഹ സെക്രട്ടറിയാണ്. 52 വയസ്.

കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ

കൂത്താട്ടുകുളം മണ്ണത്തൂർ സ്വദേശി. മണ്ണത്തൂർ സെന്റ് ജോർജ് വലിയപള്ളി വികാരി. നിയമം, ചരിത്രം എന്നിവയിൽ ബിരുദവും ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം. 48 വയസ്.

ഫാ. ഡോ. റെജി ഗീവർഗീസ്

ഹരിപ്പാട് മുട്ടം സ്വദേശി. കോട്ടയം പഴയ സെമിനാരിയിലെ അസോസിയേറ്റ് പ്രൊഫസറാണ്. കൊമേഴ്സിൽ ബിരുദവും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും. 48 വയസ്.

 ഫാ.പി.സി. തോമസ്

ആലപ്പുഴ ചേന്നങ്കരി സ്വദേശി. കോട്ടയം പഴയ സെമിനാരിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. മലയാളത്തിൽ ബിരുദവും ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും. 52 വയസ്.

ഫാ. ഡോ. വർഗീസ് കെ. ജോഷ്വ

തുമ്പമൺ സ്വദേശി. കോട്ടയം ഞാലിയാകുഴി മാർ ബസേലിയോസ് ദയറയുടെ മാനേജർ. ചരിത്രത്തിൽ ബിരുദം, സുറിയാനിയിലും ദൈവശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. ഡോക്ടറേറ്റ്. 50 വയസ്.

ഫാ. വിനോദ് ജോർജ്

ചെങ്ങന്നൂർ ആറാട്ടുപുഴ സ്വദേശി. പരുമല സെമിനാരിയുടെ മാനേജരാണ്. സാമ്പത്തിക ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം. 49 വയസ്.

ഫാ. സഖറിയ നൈനാൻ ചിറത്തിലാട്ട്

കോട്ടയം വാകത്താനം സ്വദേശി. നാലുന്നാക്കൽ സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരിയാണ്. മലങ്കരസഭ മാസികയുടെ ചീഫ് എഡിറ്ററാണ്. നിയമത്തിലും ദൈവശാസ്ത്രത്തിലും ബിരുദവും സുറിയാനിയിൽ ബിരുദാനന്തര ബിരുദവും. 43 വയസ്.