
□പേര് മാറ്റിയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്
കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പന്ത്രണ്ട് നമസ്‌കാരം, കാൽകഴുകിച്ചൂട്ട് എന്നീ പേരുകളിൽ അറിയപ്പെടുന്ന വഴിപാടിന്റെ പേര് സമാരാധനച്ചൂട്ട് എന്നാക്കാൻ തീരുമാനിച്ചെന്ന് കൊച്ചി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ക്ഷേത്രപൂജയ്ക്ക് അർഹരായ എല്ലാ വ്യക്തികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ കാലോചിതമായ മാറ്റംവരുത്താൻ തീരുമാനിച്ചതായും വിശദീകരിച്ചു.
അഖില തന്ത്രിസമാജവുമായി കൊച്ചിൻ ദേവസ്വംബോർഡ് നടത്തിയ ചർച്ചയെത്തുടർന്നാണ് ഇക്കാര്യം തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ദേവസ്വം കമ്മിഷണർ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തും ഹൈക്കോടതിയിൽ ഹാജരാക്കി.
പാപപരിഹാരത്തിനായി ശ്രീ പൂർണത്രയീശ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടൽ വഴിപാട് നടത്തുന്നുണ്ടെന്ന കേരളകൗമുദി വാർത്തയെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ദേവസ്വംബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിയിൽ ശ്രീരാഘവപുരം സഭായോഗം, അഖില കേരള തന്ത്രിമണ്ഡലം എന്നിവരെ കക്ഷിചേർത്തു. ഹർജി മാർച്ച് നാലിന് വീണ്ടും പരിഗണിക്കും. ഇതിനുള്ളിൽ ഇവർക്ക് സത്യവാങ്മൂലം സമർപ്പിക്കാമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
പന്ത്രണ്ടു നമസ്കാരത്തിന്റെ ഭാഗമായി ഭക്തരെക്കൊണ്ട് ബ്രാഹ്മണരുടെ കാൽകഴുകിക്കുന്നില്ലെന്നും തന്ത്രിയാണ് പന്ത്രണ്ട് ബ്രാഹ്മണരുടെ കാൽ കഴുകുന്നതെന്നും ദേവസ്വംബോർഡ് നേരത്തെ വിശദീകരിച്ചിരുന്നു.
കൊച്ചി രാജാവിന്റെ
കാലം മുതൽ
പൂർണത്രയീശ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ കൊച്ചി രാജാവിന്റെ കാലംമുതൽ തുടരുന്നതാണെന്നും ആരാധനാലയങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി നടക്കുന്നെന്ന് ഉറപ്പാക്കാനുള്ള ചുമതല തിരുവിതാംകൂർ - കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം ദേവസ്വം ബോർഡിനുണ്ടെന്നും വ്യക്തമാക്കി കൊച്ചിൻ ദേവസ്വംബോർഡ് സെക്രട്ടറി വി.എ. ഷീജ സത്യവാങ്മൂലം നൽകി.
പന്ത്രണ്ട് നമസ്കാരത്തെക്കുറിച്ചുള്ള കേരളകൗമുദി വാർത്തയെത്തുടർന്ന് സർക്കാർ ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയിരുന്നു. തുടർന്ന് തൃപ്പൂണിത്തുറ ദേവസ്വം അസി. കമ്മിഷണറുടെയും ദേവസ്വം ഓഫീസറുടെയും റിപ്പോർട്ട് വാങ്ങി. പൂർണത്രയീശ ക്ഷേത്രത്തിലെ തന്ത്രിയാണ് പന്ത്രണ്ട് നമസ്കാരത്തിലെ മുഖ്യ ആചാര്യനെന്നും ഏകാദശി ഒഴികെയുള്ള ദിവസങ്ങളിൽ ഭക്തരുടെ ആവശ്യപ്രകാരമാണ് ചടങ്ങ് നടത്തുന്നതെന്നും അസി. കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു.