ആലുവ: ശതാബ്ദി പിന്നിട്ട ആലുവയിലെ സംസ്ഥാന വിത്തുത്പ്പാദന കേന്ദ്രത്തെ ഇന്ത്യയിലെ ആദ്യ കാർബൺ തൂലിത കൃഷി (കാർബൺ ന്യൂട്രൽ ഫാം) കേന്ദ്രമാക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. തുരുത്തിലെ വിത്തുത്പ്പാദന കേന്ദ്രം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പതിറ്റാണ്ടിലേറെയായി പൂർണ്ണമായും ജൈവകൃഷി ചെയ്യുന്ന വിത്തുത്പ്പാദന കേന്ദ്രം ഇന്ത്യയിലെ ആദ്യ ഓർഗാനിക് സർട്ടിഫിക്കേഷനുള്ള സ്ഥാപനമാണ്.
കാർബൺ തൂലിത കൃഷി കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സൗരോർജ പദ്ധതി നടപ്പാക്കും. ആവശ്യമായ വൈദ്യുതി ഇതുവഴി ഉത്പ്പാദിപ്പിക്കും. കാർബൺഡൈ ഓക്സൈഡ് ബഹിർഗമനം ചെയ്യാൻ കഴിയുന്ന വൃക്ഷത്തൈകൾ നടും. ഫാമിൽ ഉത്പ്പാദിപ്പിച്ച് വിതരണത്തിനായി ഉപയോഗിക്കുന്ന പ്ളാസ്റ്റിക്ക് കവറുകൾ പൂർണ്ണമായി ഉപേക്ഷിക്കും. കാർബൺ തൂലിത കൃഷി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 14 കൃഷി ഫാമുകളിലാണ് നടപ്പാക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് കൃഷിവകുപ്പ് നേരിട്ട് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ജൈവകൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് കൃഷിവകുപ്പിന്റെ നയം. 10,000 ഹെക്ടറിൽ കൂടി ജൈവകൃഷി നടപ്പാക്കാൻ വീണ്ടും കൃഷിവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യത്തെയും അന്തരീക്ഷത്തെയും പരിഗണിച്ചുള്ള കൃഷിരീതിയാണ് ആവശ്യം.
ഭക്ഷണം രോഗത്തിന് കാരണമാകുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. ഭക്ഷണത്തിലൂടെ രോഗംവരുന്നത് തടയാൻ കാർബൺ തൂലിത കൃഷിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
ജൈവകൃഷിയിൽ വിളവെടുപ്പിന് പാകമായ ചേറ്റാടി, കതിരണിഞ്ഞു നിൽക്കുന്ന മനുരത്‌ന, വൈറ്റില 10, ഞവര, രക്തശാലി എന്നീ നെല്ലിനങ്ങൾ, സൂര്യകാന്തി, റാഗി, ചിയാ, എള്ള് എന്നീ വിളകളും സംയോജിത കൃഷിരീതികളും മൂല്യവർദ്ധിത ഉത്പ്പന്നങ്ങളും ഇവിടെ ഉത്പ്പാദിപ്പിക്കുന്ന ജൈവവളർച്ചാ ത്വരകങ്ങളും മന്ത്രി പരിശോധിച്ചു.
അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജോമി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദാലി, ജില്ലാ കൃഷി ഓഫീസർ ബബിത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ, ഫാം ഓഫീസർ ലിസിമോൾ ജെ. വട്ടക്കൂട്ട്, എ. ഷംസുദ്ദീൻ, പി.എസ്. അനസ്, എന്നിവർ പങ്കെടുത്തു. ഫാമിലെ ഉത്പ്പന്നങ്ങൾ വാങ്ങുമ്പോൾ എളുപ്പത്തിൽ പണമടയ്ക്കാൻ യു.പി.ഐ കോഡ് സ്‌കാനർ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.