കൊച്ചി : കൊവിഡ് ലോക് ഡൗൺ കാലത്ത് പിരിച്ചുവിട്ട ഇന്ത്യൻജീവനക്കാർക്ക് സൗദിഅറേബ്യയിലെ നാസർ എസ് .അൽ ഹജ്രീ കോർപ്പറേഷൻ (എൻ. എസ് . എച്ച് ) വിരമിക്കൽ ആനുകൂല്യങ്ങളും ശമ്പളവും നൽകാതെ തിരിച്ചയച്ചതായി പ്രവാസികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതിനെ തുടർന്ന് 12 സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം ഇന്ത്യക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. 10 മുതൽ 30 വർഷം വരെ ഈ സ്ഥാപനത്തിൽ തൊഴിൽ ചെയ്തിട്ടുള്ളവരാണ് ഭൂരിപക്ഷം പേരും. സർക്കാർ ഇടപെട്ട് തങ്ങളുടെ സർവീസ് ആനുകൂല്യങ്ങളും പിടിച്ചുവച്ചിട്ടുള്ള ശമ്പളവും ലഭ്യമാക്കണമെന്നും സൗദി അറേബ്യയിൽ കേസ് കൊടുക്കുവാനുള്ള അവസരം ഉണ്ടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ അനിൽകുമാർ കെ വി , രാധാകൃഷ്ണൻ, ഗോപകുമാർ, ആർ.കെ . പിള്ള, മോഹനൻ , ഉത്തമൻ എന്നിവർ പങ്കെടുത്തു.