ആലുവ: ദേവസ്വം ബോർഡ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായതോടെ ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറ ലേലം സുഗമമായി നടന്നു. എ,ബി കാറ്റഗറിയിലുള്ള തറകൾക്ക് 40 മുതൽ 50 ശതമാനം വരെ അടിസ്ഥാന ലേലത്തുക കുറക്കാൻ ബോർഡ് തയ്യാറായതാണ് ലേലത്തിൽ പങ്കെടുക്കാൻ പുരോഹിതന്മാരെ പ്രേരിപ്പിച്ചത്.
50,000 രൂപയ്ക്ക് മുകളിൽ നിരക്കുണ്ടായിരുന്ന ബലിത്തറകൾ 40 ശതമാനം കുറച്ചാണ് ലേലം ആരംഭിച്ചത്. 25,000ത്തിന് മുകളിൽ നിരക്കുണ്ടായവ 25 ശതമാനം കുറച്ചും പിന്നീട് മൂന്നുഘട്ടമായി 15 ശതമാനം കൂടി കുറച്ചാണ് ലേലം പൂർത്തിയാക്കിയത്. 25,000 രൂപയിൽ താഴെ നിരക്കുള്ള തറകൾക്ക് ഇളവുകളുണ്ടായില്ല. 2020ലെ ബലിത്തറയുടെ അടിസ്ഥാനലേലത്തുകയുടെ 10 ശതമാനം കൂട്ടിയാണ് ഇക്കുറി അടിസ്ഥാനനിരക്ക് കണക്കാക്കിയിരുന്നത്. കൂടാതെ 15 ശതമാനം ജി.എസ്.ടിയും. ഇവ രണ്ടും ആദ്യദിവസം തന്നെ ബോർഡ് ഒഴിവാക്കാൻ സമ്മതിച്ചിരുന്നു. ബഹിഷ്കരണം തുടർന്നതോടെയാണ് 2020ലെ അടിസ്ഥാന നിരക്കിന്റെ 40 ശതമാനംവരെ വീണ്ടും കുറയ്ക്കാൻ തയ്യാറായത്.
ഇതേത്തുടർന്ന് ഇന്നലെ മാത്രം 34 ബലിത്തറകൾ ലേലം പോയി. നേരത്തേ നൽകിയിരുന്ന ഒമ്പത് എണ്ണം ഉൾപ്പെടെ ആകെ നൽകിയ ബലിത്തറകൾ 43 എണ്ണമായി. അതേസമയം മൂന്ന് കാറ്റഗറികളിലായി 105 ബലിത്തറകൾ ഏറ്റെടുക്കാൻ ആവശ്യക്കാരുണ്ടായില്ല. ശിവരാത്രിക്ക് മുമ്പായി കുറച്ചുകൂടി തറകൾ ലേലം പോകുമെന്നാണ് കരുതുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ബലിതർപ്പണത്തിനെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന ധാരണയാണ് പുരോഹിതന്മാർ വിട്ടുനിൽക്കാൻ കാരണമെന്നാണ് സൂചന.
കഴിഞ്ഞ 15,16,22 തീയതികളിൽ നടന്ന ലേലലത്തിൽ നിന്നും ആർച്ചക് പുരോഹിത് സഭയുടെ നേതൃത്വത്തിൽ പുരോഹിതന്മാർ വിട്ടുനിന്നതിനെ തുടർന്ന് പലവട്ടം നടത്തിയ ചർച്ചകളാണ് സമവായത്തിന് വഴിതുറന്നത്. ലേല നടപടികൾക്ക് ഹൈക്കോടതി പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിരുന്നു. അസി. കമ്മിഷണർ ശ്രീധര ശർമ്മ, മണപ്പുറം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലേല നടപടികൾ.