ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിനു കീഴിൽ വരുന്ന വിവിധ എ.ഡി.എസുകളിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് യു.ഡി.എഫ്. പാർലമെന്റി പാർട്ടി യോഗം. 17-ാം വാർഡിൽ മുൻ സി.ഡി.എസ് വൈസ് ചെയർപേഴ്‌സൻ ഏഴ് ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് ആക്ഷേപമുണ്ടെന്നും ഇത് ഒതുക്കി തീർക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ അംഗം എ.എം. അലി പറഞ്ഞു. സി.ഡി.എസിലും എ.ഡി.എസിലും ഇടത് അനുഭാവികളെ നിയമിച്ച് അഴിമതിക്ക് കളമൊരുക്കുകയാണ് സി.പി.എമ്മെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബീനാബാബു, വി.പി. അനിൽകുമാർ, കെ.എ. ജോസഫ്, ടി.എ. മുജീബ്, ജി.വി. പോൾസൺ, ഇ.എം. അബ്ദുൾസലാം, കെ.എം. ലൈജു, നദീറാബീരാൻ, സൂസൻവർഗീസ് എന്നിവർ സംസാരിച്ചു.