choornikkara
ചൂർണിക്കര പഞ്ചായത്ത് ലൈഫ് മിഷൻ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ലൈഫ് അപേക്ഷകർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സൂചന സമരം നടത്തിതുന്നു

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ഭവന രഹിതർക്ക് ലൈഫ് പദ്ധതിയിലൂടെ വീടൊരുക്കുന്ന കാര്യത്തിൽ അധികൃതർ അനാസ്ഥ തുടരുന്നു. ഇതേത്തുടർന്ന് ഭവനരഹിതർ പ്രത്യക്ഷസമരത്തിലേക്ക് കടന്നു. ലൈഫ് മിഷൻ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് സമരങ്ങളിലേക്ക് കടന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ലൈഫ് അപേക്ഷകർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സൂചനാ സമരം നടത്തി.

ചൂർണ്ണിക്കര പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിക്കായി ഭൂമി ലഭ്യമാക്കുന്നതിന് സർക്കാരുമായി നടത്തിയ ഇടപാടുകളുടെ രേഖകൾ പഞ്ചായത്ത് പൂഴ്ത്തിവയ്ക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. വരുന്ന ഗ്രാമസഭാ യോഗങ്ങളിൽ ലൈഫ് മിഷൻ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഗ്രാമസഭകളിൽ ലൈഫ് മിഷൻ അജണ്ടവച്ച് ചർച്ച ചെയ്യാമെന്ന ഉറപ്പ് രേഖമൂലം നൽകണമെന്ന് ആക്ഷൻ കൗൺസിൽ പഞ്ചായത്ത് അധികാരികൾക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് എഫ്.ഐ.ടി കമ്പനിയിലെ സർക്കാർ ഭൂമി ലഭ്യമാക്കുന്നതിന് പഞ്ചായത്ത് രേഖമൂലം നടത്തിയ ഇടപാടുകളുടെയും സർക്കാരിന്റെ മറുപടികളുടെയും രേഖാപ്പകർപ്പുകൾ വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പഞ്ചായത്ത് മറുപടിയിൽ ഇക്കാര്യങ്ങൾ മറച്ചുവച്ചപ്പോൾ ലൈഫ് മിഷൻ ആക്ഷൻ കൗൺസിൽ കൺവീനർ പി.നാരായണൻകുട്ടി വിവരാവകാശ നിയമപ്രകാരം അപ്പീൽ നൽകിയിരുന്നു. തുടർന്ന് അപ്പീൽ അധികാരിയായ പഞ്ചായത്ത് പെർഫോമൻസ് ഓഡിറ്റർ ഹരി പുരുഷോത്തമൻ നേരിട്ട് ഹിയറിംഗ് നടത്തി നൽകിയ ഉത്തരവിൽ, പഞ്ചായത്ത് സർക്കാർ ഇടപാടുകളുടെ വിശദമായ പകർപ്പുകൾ പരാതിക്കാരന് ലഭ്യമാക്കാൻ പഞ്ചായത്തിന് നിർദേശം നൽകിയിട്ടുണ്ട്.

ഒരാഴ്ചക്കകം രേഖകൾ നൽകണമെന്നാണ് നിർദ്ദേശം. സമരത്തിന് ആക്ഷൻ കൗൺസിൽ കൺവീനർ പി.നാരായണൻകുട്ടി രക്ഷധികാരി കെ.ഇ.ഷാനവാസ്, സിടി.സതീശൻ, വി.എ.ഷംസു, ശുഭ ഉഷ, സരിത എന്നിവർ നേതൃത്വം നൽകി.