കൊച്ചി: രണ്ടരവയസുകാരി ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കോടതിയുടെ സഹായം തേടാനൊരുങ്ങി പൊലീസ്. അന്വേഷണറിപ്പോർട്ട് കോടതിക്ക് കൈമാറും. ഒപ്പം കുടുംബാംഗങ്ങൾക്ക് പറയാനുള്ളത് കേട്ട് കേസിൽ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന അപേക്ഷയും നൽകും. കോടതിയുടെ നിലപാടറിഞ്ഞ് തുടർനടപടി സ്വീകരിക്കും. അന്വേഷണം പ്രതിസന്ധിയിലാകുന്ന സാഹചര്യങ്ങളിൽ ഇത്തരമൊരു നടപടി സ്വീകരിക്കാമെന്ന നിയമോപദേശം ലഭിച്ചതിനെതുടർന്നാണ് പൊലീസിന്റെ പുതിയനീക്കം.
മൈസൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ മാതൃസഹോദരി സ്മിതയേയും ഇവരുടെ സുഹൃത്തായ പുതുവൈപ്പ് സ്വദേശി ആന്റണി ടിജിനേയും ഇന്നലെ മണിക്കൂറോളം ചോദ്യംചെയ്തു. കുട്ടിയുടെ അമ്മ സൗമ്യയും മുത്തശ്ശി സരസുവും പറഞ്ഞ അതേ അമാനുഷിക കഥയാണ് ഇവരും ആവർത്തിച്ചത്. സ്മിതയുടെ ഒമ്പതുകാരനായ മകനും ഇക്കാര്യങ്ങൾ തന്നെയാണ് പറയുന്നത്. മൊഴികൾ പഠിച്ചുപറയുന്നതാണോയെന്ന സംശയമുണ്ട്. ചികിത്സയിൽ കഴിയുന്ന കുട്ടിയിൽനിന്ന് പരിക്കേറ്റതിന്റെ കാരണം ചോദിച്ചറിയാൻ ഡോക്ടർമാർക്കുപോലും സാധിച്ചിട്ടില്ല. അമാനുഷിക കഥയ്ക്കപ്പറം എന്തെന്ന് കണ്ടെത്താനാകാതെ അക്ഷരാർത്ഥത്തിൽ കുഴഞ്ഞിരിക്കുകയാണ് പൊലീസ്. ടിജിനെയും സ്മിതയേയും പ്രതിയാക്കത്തക്ക തെളിവുകളൊന്നുമില്ല. സ്മിതയേയും മകനേയും ചൈൽഡ് വെൽഫെയൽ കമ്മിറ്റിക്ക് കൈമാറി. ടിജിൻ പൊലീസ് നിരീക്ഷണത്തിലുണ്ട്. മൂന്നുപേരെയും രാവിലെ മജിട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു.
• ആത്മഹത്യയ്ക്ക് പ്ലാനിട്ടു
കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി മരണമടഞ്ഞാൽ ടിജിനും സ്മിതയും ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. സ്മിതയുടെ ഒമ്പതുവയസുകാരനായ മകനെ മൈസൂരുവിലെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതിനുശേഷം ജീവനൊടുക്കാനായിരുന്നു ഉദ്ദേശ്യമെന്ന് ചോദ്യംചെയ്യലിനിടെ ഇവർ വെളിപ്പെടുത്തി. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമാണെന്നും കേസാകുമെന്നും ഭയന്നാണ് നാടുവിട്ടത്. കുട്ടിയെ തങ്ങളാരും മർദ്ദിച്ചിട്ടില്ലെന്നാണ് മൊഴി.
• മരണത്തിന് പിന്നാലെ ഭീഷണി
സൗമ്യയുടെ സഹോദരൻ അപകടത്തിൽ മരിച്ചതിൽ 16ലക്ഷത്തോളം രൂപയാണ് ഇൻഷ്വറൻസായി ലഭിച്ചത്. ഇതിൽ നല്ലൊരുതുക കടംവീട്ടാൻ ഉപയോഗിച്ചു. ശേഷിച്ചത് വീതംവച്ചെടുക്കുകയും ചെയ്തു. സഹോദരനെ വിദേശത്ത് കൊണ്ടുപോയവരിൽനിന്ന് ഭീഷണിയുണ്ടായിരുന്നതായാണ് കുടുംബത്തിന്റെ മൊഴി. കുമ്പളത്തുനിന്ന് താമസം മാറേണ്ടിവന്നത് ഇതുകൊണ്ടാണ്. മൊഴികൾ പരസ്പരവിരുദ്ധമാണെങ്കിലും ഇക്കാര്യവും അന്വേഷിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.