kpac
കെ.പി.എ.സി ലളിത അനുസ്മരണ യോഗം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ച: കെ.പി.എ.സി എന്ന ചരിത്രത്തെ ഒപ്പംചേർത്ത് സഞ്ചരിച്ചിരുന്നവരായിരുന്നു കെ.പി.എ.സി ലളിതയെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കലാസന്ധ്യകൾക്ക് തുടക്കംകുറിച്ച് നടന്ന കെ.പി.എ.സി ലളിത അനുസ്മരണയോഗം വഞ്ചിസ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ രാഷ്ട്രീയവുമായി എക്കാലവും ചേർന്നുനിന്നിരുന്ന മഹാനടിയായിരുന്നു കെ.പി.എ.സി ലളിത. വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച ഇന്ത്യയിലെതന്നെ മികച്ച നടികളിലൊരാളായിരുന്നു അവരെന്നും പി. രാജീവ് അനുസ്മരിച്ചു. റെഡ് പാലറ്റ് ചിത്രരചനാക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഇതോടൊപ്പം മന്ത്രി ഉദ്ഘാടനം ചെയ്തു. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായി.

സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം എം. സ്വരാജ്, കെ.എസ്. അരുൺകുമാർ, ടി.എ. സത്യപാൽ, സി. മണി എന്നിവർ സംസാരിച്ചു. വഞ്ചി സ്‌ക്വയറിൽ 28 വരെ വിവിധ കലാപരിപാടികൾ അരങ്ങേറും. റെഡ് പാലറ്റ് ചിത്രരചനാക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം ദിവസവും രാവിലെ 10 മുതലുണ്ടാകും. സമ്മേളനത്തിനുമുമ്പുള്ള ദിവസം രാത്രി ഒമ്പതുവരെ നഗരത്തെ ഉത്സവഭരിതമാക്കാൻ നാടൻപാട്ട്, കവിയരങ്ങ്, ഓട്ടൻതുള്ളൽ, ലഘുനാടകങ്ങൾ, ഉപകരണസംഗീതം, മാജിക് ഷോ തുടങ്ങിയ പരിപാടികളാണ് ഒരുക്കുന്നത്. പ്രമോദ് പയ്യന്നൂരിന്റെ നാടകവും അരങ്ങേറും.