
കൊച്ചി: കാറിൽ വളർത്തുനായ്ക്കളെ ഒപ്പംകൂട്ടി ലഹരിമരുന്ന് കടത്തുന്ന സംഘത്തിന് പിന്നാലെ രണ്ടും കല്പിച്ചിറങ്ങിയ എക്സൈസ് ക്രൈംബ്രാഞ്ചിന് തെറ്റിയില്ല. അന്വേഷണം ആരംഭിച്ച് ഏഴാം മാസം കേസിൽ കുറ്റപത്രം സമർപ്പിക്കാനായതിനൊപ്പം, ചെന്നൈ വഴി സംസ്ഥാനത്തേക്കൊഴുകുന്ന സിന്തറ്റിക്ക് ലഹരിമരുന്നിന്റെ സ്രോതസും കടത്തിന് ചുക്കാൻ പിടിക്കുന്ന മലയാളിയേയും ഒടുവിൽ കണ്ടെത്തി.
മയക്കുമരുന്ന് കടത്തിൽ പിടിക്കപ്പെട്ട് ശ്രീലങ്കൻ ജയിലിൽ കഴിയുന്ന കാക്കനാട് എം.ഡി.എം.എ കേസിലെ 25ാം പ്രതി ഷംസുദ്ദീൻ സേഠിന്റെ മരുമകനുൾപ്പെടുന്ന സംഘത്തിലെ പ്രധാനിയായ കോഴിക്കോട്ടുകാരനാണ് ഇടപാടെല്ലാം നിയന്ത്രിക്കുന്ന മലയാളി ! മയക്കുമരുന്ന് കേസിൽ ഇയാളും ശ്രീലങ്കൻ ജയിലിലാണെന്നാണ് വിവരം. ഇയാൾക്ക് സഹായികളായി നിരവധി മലയാളികളുമുണ്ട്. സ്പെയിനിൽനിന്നുൾപ്പെടെ ചെന്നൈയിലെത്തിക്കുന്ന മയക്കുമരുന്നിന്റെ വില്പനയ്ക്കെല്ലാം നേതൃത്വം നൽകുന്നത് തമിഴ്നാട്ടുകാരാണ്. കഴിഞ്ഞ ദിവസം ഷംസുദ്ദീൻ സേഠിനെ ചെന്നൈയിലെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ദുബായ് വഴിയാണ് ശ്രീലങ്കൻ സംഘത്തിന് പണമെത്തുന്നത്.
• തലനാരിഴയ്ക്ക് വഴുതിപ്പോയി
ചെന്നൈയുൾപ്പെട ലഹരിക്കടത്ത് സംഘത്തിന്റെ താവളവും കടത്ത് രീതികളും എക്സൈസ് കണ്ടെത്തി. ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ശ്രീലങ്കൻ ഏജന്റുമാർക്കായി തമിഴ്നാട് പൊലീസുമായി സഹകരിച്ച ഓപ്പറേഷൻ നടത്തിയെങ്കിലും പ്രതികളെല്ലാം തലനാരിഴയ്ക്ക് വഴുതിപ്പോയി. ഇവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു രഹസ്യ ഓപ്പറേഷൻ. പൊലീസ് പിന്നാലെ പാഞ്ഞെങ്കിലും ഇവർ ഓടിമറയുകയായിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ഷംസുദ്ദീനുമായി അന്വേഷണ സംഘം ചെന്നൈയിലുണ്ട്.
• ലങ്കയിൽ മലയാളികളും
ശ്രീലങ്കൻ ലഹരിക്കടത്ത് സംഘത്തിൽ മലയാളികളുമുണ്ട്. ഇവർ ആരെല്ലാമാണെന്ന് അന്വേഷിച്ച് വരികയാണ്. ശ്രീലങ്കയിലുള്ള തമിഴ് വംശജരാണ് സ്പെയിൻ വഴിയുള്ള ലഹരിക്കടത്ത് നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം ലക്ഷദ്വീപ് തീരത്തുവച്ച് കോസ്റ്റ്ഗാർഡ് പിടിച്ചെടുത്ത ഹെറോയിൻ ഒളിപ്പിച്ച മത്സ്യബന്ധന ബോട്ടിന്റെ ലക്ഷ്യസ്ഥാനം ശ്രീലങ്കയായിരുന്നു. ഇത്തരം മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഈ കേസുകളെല്ലാം അന്വേഷിക്കുന്നത്. സ്പെയിൻ വഴിയുള്ള ലഹരിക്കടത്ത് ചെന്നൈ കസ്റ്റംസ് യൂണിറ്റും അന്വേഷിക്കുന്നുണ്ട്.