
കൊച്ചി: കാലിലെ ഉണങ്ങാത്ത മുറിവിൽ ദീർഘകാലത്തിനുശേഷം മാലാഖമാരുടെ കൈകളാൽ മരുന്നു പുരണ്ടപ്പോൾ ശിവരാമനും മുത്തുസ്വാമിക്കുമൊക്കെ അവിശ്വസനീയായ ആശ്വാസം. തണൽ, പീസ് വാലി, ആസ്റ്റർ വോളന്റീയേഴ്‌സ്, എൽദോ മാർ ബസേലിയസ് കോളേജ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ആസ്റ്റർ പീസ് വാലിയുമായി സഹകരിച്ച് ജോസ് ജംഗ്ഷനിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിലാണ് തെരുവുമക്കൾ സ്വാന്തനമറിഞ്ഞത്.
പാലക്കാട് സ്വദേശിയായ ശിവരമാൻ മെട്രോനഗരത്തിലെത്തിയിട്ട് 15 വർഷമായി. തമിഴ്നാട് സ്വദേശിയാണ് മുത്തുസ്വാമി. കൊച്ചിയുടെ തെരുവിൽ അന്തിയുറങ്ങി കാലം കഴിക്കുന്ന അനാഥരുടെ ഇടയിലെ രണ്ടുപേർ മാത്രമാണിവർ. മെട്രോ നഗരമെന്ന ഖ്യാതിയിലേക്ക് അതിവേഗം വളരുന്ന പട്ടണത്തിൽ ഇത്തരം നിരവധി ആളുകളുണ്ട്. മനസിലും ശരീരത്തിലും ഉണങ്ങാത്ത മുറിവും മാരകരോഗങ്ങളുമായി ഉണ്ണാതെയും ഉറങ്ങാതെയും അവർ ജീവിതം തള്ളിനീക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്നവർ, മാനസിക ശാരിരിക വൈകല്യങ്ങൾ നേരിടുന്നവർ തുടങ്ങി അസാധാരണമായ അനുഭവങ്ങളാണ് ഓരോരുത്തർക്കുമുള്ളത്. കൊതുകുകൾ കുത്തിപ്പറിക്കുന്ന ശരീരത്തിലെ മുറിവുകൾ കാണാനും കത്തുന്ന വയറിന്റെ ആളൽ അറിയാനും സുസ്ഥിര സംവിധാനങ്ങളില്ല. ഉള്ളതൊക്കെ ക്ഷണികങ്ങളാണ്. ഔദ്യോഗിക വാഹനത്തിലും ആഡംബര കാറിലും പാഞ്ഞുനടക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഈ നഗരത്തിന്റെ യഥാർത്ഥമുഖം കാണുന്നില്ല. തെരുവിന്റെ വിശപ്പറിയുന്നുമില്ല.
അത്തരം വൈവിദ്ധ്യങ്ങളിലേക്കാണ് സഞ്ചരിക്കുന്ന ആശുപത്രിയുമായി ഒരുപറ്റം സന്നദ്ധപ്രവർത്തകർ ഇറങ്ങിച്ചെന്നത്.
അതാകട്ടെ തെരുവ് വാസികൾക്ക് പുതിയ അനുഭവമായി. ജില്ലാ കളക്ടർ ജാഫർ മാലിക് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ സി. അജയകുമാർ ക്യാമ്പ് സന്ദർശിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും തെരുവിൽ കഴിയുന്നവർക്ക് രാത്രി സുരക്ഷിതമായി താമസിക്കാനുള്ള പുനരധിവാസ പദ്ധതി ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു.