epos

കൊച്ചി: ഇ-പോസ് മെഷീൻ വീണ്ടും പണിമുടക്കിയതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ വിതരണം പാടെ പാളി. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി അഞ്ച് തവണയാണ് ഇ-പോസ് മെഷീൻ തകരാറിലായത്.

ഫെബ്രുവരിയിലെ റേഷൻ വിതരണത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ എറണാകുളത്തും സമാനസാഹചര്യമാണ്.

തിരക്ക് കൂടിയ ഇടങ്ങളിലാണ് പ്രശ്‌നങ്ങൾ ഏറെയും. ചില സമയങ്ങളിൽ മാത്രമാണ് മെഷീൻ കണക്ട് ആകുന്നത്.

ഏറ്റവും കുറവ് വിതരണം നടന്നതും ജില്ലയിൽ തന്നെ. ആറുദിവസമായി റേഷൻ നൽകാൻ സാധിക്കുന്നില്ലെന്ന് വിതരണക്കാർ വ്യക്തമാക്കി.

ഇ-പോസ് മെഷീന്റെ സോഫ്‌റ്റ്‌വെയർ സംവിധാനത്തിലെ തകരാറാണ് പ്രശ്‌നമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജനുവരിയിൽ റേഷൻ വിതരണം മുടങ്ങിയപ്പോൾ സമയക്രമീകരണം ഏർപ്പെടുത്തി പ്രശ്‌നം താത്കാലികമായി പരിഹരിച്ചു. എന്നാൽ വിതരണ സമയം ക്രമേണ വർദ്ധിച്ചതോടെ വീണ്ടും പ്രശ്‌നങ്ങളായി.

ജനുവരിയിൽ നാലും ഫെബ്രുവരിയിൽ രണ്ടുവട്ടവും തടസം നേരിട്ടു. സർക്കാർ ഇതുവരെ ഇതിന് പരിഹാരം കണ്ടെത്തിയില്ലെന്നും. ഇനിയും ഈ അവസ്ഥ തുടർന്നാൽ കടകൾ അടച്ചിടേണ്ടി വരുമെന്നും വിതരണക്കാർ വ്യക്തമാക്കി.

ജില്ലയിൽ റേഷൻ കാർഡുകൾ - 8,93,316

ഫെബ്രുവരിയിലിതുവരെ റേഷൻ വാങ്ങിയവർ- 52%ൽ താഴെ
റേഷൻ കടകൾ - 1,334

സർക്കാരിനോട് പറഞ്ഞ് മടുത്തു. ഇനി ഏറ്റുമുട്ടലിനില്ല. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണം.
ജോണി നെല്ലൂർ
സംസ്ഥാന പ്രസിഡന്റ്
ഓൾ കേരള റേഷൻ റീട്ടെയിൽ
ഡീലഴ്‌സ് അസോസിയേഷൻ

അഞ്ചുദിവസമനായി പ്രശ്‌നം തുടരുകയാണ്. എന്ന് പരിഹരിക്കുമെന്ന് അറിയില്ല.
റോയ് .കെ.ഡി
റേഷൻ വിതരണക്കാരൻ

ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി

ഇ- പോസ് മെഷീനിൽ തകരാർ ഉണ്ടെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ കേരളകൗമുദിയോട് പറഞ്ഞു. തടസങ്ങൾ നേരിടുന്നെങ്കിലും നിമിഷങ്ങൾക്കകം അത് ശരിയായി. ആരോപണം ഉന്നയിക്കുന്നവരിൽ പ്രധാനികൾ യു.ഡി.എഫ് രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്നവരാണ്. അത്തരം ആരോപണങ്ങൾ കണ്ടില്ലെന്നു വയ്ക്കാനേ മാർഗമുള്ളു. കഴിഞ്ഞ മാസത്തേത്തിനേക്കാൾ ആളുകൾക്ക് ഇത്തവണ റേഷൻ നൽകും. വെറുതേ ആരോപണം ഉന്നയിക്കുന്നവർക്ക് കണക്കുകളിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.