കൊച്ചി: ജല അതോറിട്ടിയുടെ കീഴിൽ എളംകുളത്തെ പുതിയ മലിനജല സംസ്കരണ പ്ളാന്റ് മാർച്ചിൽ പ്രവർത്തനക്ഷമമാകും. നഗരപരിധിയിലെ 1.718 കണക്ഷനുകളിൽ നിന്നുള്ള മലിനജലം ഇവിടെ സംസ്കരിക്കാൻ കഴിയും. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ നിന്നുള്ള 14.5 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത് . ജല അതോറിറ്റിയുടെ 12 ഏക്കറിനുള്ളിൽ തന്നെയാണ് പുതിയ പ്ളാന്റും വരുന്നത്. 20 സെന്റ് സ്ഥലമാണ് ഇതിനായി മാറ്റിവച്ചത്. പ്രതിദിനം അഞ്ച് ദശലക്ഷം ലിറ്റർ ജലം സംസ്കരിക്കാൻ ശേഷിയുണ്ട്. 4.5 എം.എൽ.ഡി ശേഷിയുള്ള പഴയ പ്ളാന്റ് തൊട്ടടുത്തു തന്നെയുണ്ട്. ആറു പതിറ്റാണ്ട് പഴക്കമുള്ള ഈ പ്ളാന്റ് അഞ്ച് ഡിവിഷനുകളിലെ 3 മുതൽ 3.2 ദശലക്ഷം ലിറ്റർ വരെ മലിനജലം നിത്യേന സംസ്കരിക്കുന്നുണ്ട്.
പുതിയ പ്ളാന്റിനായി 2020 ഡിസംബർ 12 ന് കരാർ ഒപ്പിട്ടു
കമ്മിഷനിംഗ്: 2022 മാർച്ച് 28
16.52 കോടിയുടെ പദ്ധതി
പ്ളാന്റിന് 14.5 കോടി
നിർമ്മാണ കരാർ കരാർ ഏറ്റെടുത്തിരിക്കുന്നത് : മേരിമാതാ ഇൻഫ്രാസ്‌ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്
എറണാകുളം സൗത്ത്, ഗാന്ധിനഗർ, കതൃക്കടവ്, എറണാകുളം സെൻട്രൽ, നോർത്ത് എന്നിവിടങ്ങളിലെ മലിനജലം സംസ്കരിക്കും
സവിശേഷതകൾ
സംസ്കരണം മൂവിംഗ് ബയോ ഫിലിം റിയാക്‌ടർ രീതിയിൽ
കുറഞ്ഞ സമയത്തിനുള്ളിൽ സംസ്കരണം ആദ്യഘട്ടത്തിലെ സ്ക്രീനിംഗിന് ശേഷം അഴുകാത്ത മാലിന്യങ്ങളും എണ്ണയും മലിനജലത്തിൽ നിന്ന് വേർതിരിക്കും
ഫിൽറ്ററിംഗിനും ക്ളോറിനേഷനും ശേഷമാണ് ജലം പുറത്തേക്കുവിടുന്നത്
കൂടുതൽ പ്ളാന്റുകൾ വേണം
നഗരത്തിലെ ഉപഭോഗത്തിന്റെ വെറും ആറു ശതമാനം മലിനജലം മാത്രമാണ് നിലവിൽ സംസ്കരിക്കുന്നത്. എളംകുളത്തെ പഴയ പ്ളാന്റിന് 4.5 എം.എൽ.ഡി ശേഷിയുണ്ടെങ്കിലും കാലപ്പഴക്കത്താൽ മൂന്നു എം.എൽ.ഡി വരെയേ സംസ്കരിക്കാനാകൂ.
പുനരുപയോഗിക്കാം
മലിനജലം പുനരുപയോഗിക്കുന്നതിനുള്ള പദ്ധതികൾ ജല അതോറിറട്ടി ഉദ്യോഗസ്ഥർ ആവിഷ്കരിച്ചിട്ടുണ്ട്. പ്ളാന്റിൽ നിന്നുള്ള സംസ്കരിച്ച ജലം വ്യവസായ ആവശ്യങ്ങൾക്കും പുൽത്തകിടികൾ നനയ്ക്കാനും ഉപയോഗപ്പെടുത്താം. ഫയർഫോഴ്സിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം.
കൊതുക് ശല്യം കുറയും
മിക്ക വീടുകളിലെയും സെപ്‌ടിക് ടാങ്കുകളുടെ പൈപ്പുകൾ കനാലുകളിലേക്കാണ് തുറന്നിരിക്കുന്നത്. മഴക്കാലത്തും വേലിയേറ്റ സമയത്തും ക്ളോസറ്റുകൾ വഴി മലിനജലം വീടുകളിലേക്ക് തിരിച്ചെത്തും. പ്ളാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. കൊതുക് ശല്യം കുറയും.
ആന്റണി പൈനൂത്തുറ
കൗൺസിലർ