
യുദ്ധം ആദ്യന്തം വേദനയുടേതും നിരാശയുടേതും മാത്രമാണ്. അവിടെ ജയപരാജയമോ അധിനിവേശമോ കീഴടങ്ങലോ ഇല്ല. ഏറിയുംകുറഞ്ഞും വേദനമാത്രമാണ് ഉള്ളത്. നിസ്സഹരായിപ്പോകുന്ന പലായനജനതയ്ക്കിടയിൽ വെളിച്ചം അവസാനിച്ചിട്ടില്ലാത്ത കുഞ്ഞിക്കണ്ണുകൾ, അവരെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞുപിടിക്കുന്ന അമ്മ മനസുകൾ, അവരുടെ നെടുവീർപ്പുകൾ... ഇതൊക്കെ മാത്രമാണ് യുദ്ധം ബാക്കിവയ്ക്കുന്നത്....
യുദ്ധഭൂമിയിൽ അനാഥരാക്കപ്പെടുന്നത് എപ്പോഴും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധം പലപ്പോഴും ആണധികാരത്തിന്റെ ഒരു സ്വരൂപമായാണ് കാണപ്പെടുന്നത്. ചരിത്രത്തിൽ നിലനിൽപ്പിനു വേണ്ടി യുദ്ധം ചെയ്ത വനിതകളുണ്ടെങ്കിൽ പോലും യുദ്ധം ആൺമേൽക്കോയ്മയുടെയും കരുത്ത് തെളിയിക്കുന്നതിന്റെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. പലസ്തീനിലും ഇസ്രായേലിലും ഇറാഖിലുമെല്ലാം ഇന്നും യുദ്ധം വരുത്തിത്തീർത്ത ദുരിതങ്ങൾക്ക് മുകളിൽ ചവിട്ടിയാണ് അമ്മമാർ കുട്ടികളെ പാലൂട്ടുന്നത്.
പ്രതീക്ഷയുടെ കുഞ്ഞുകരച്ചിൽ
യുക്രയിൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം മുന്നേറുമ്പോൾ കീവ് മെട്രോ സ്റ്റേഷനിലെ ബങ്കറിൽനിന്ന് ഒരു കുഞ്ഞുജീവന്റെ കരച്ചിൽ ലോകം കേട്ടു. മിയ എന്ന് അവൾക്ക് പേരുമിട്ടു. യുദ്ധംകൊണ്ട് കരിപിടിച്ച നാട്ടിൽ, തിളങ്ങുന്ന ഒരു പൊൻവെട്ടമായി അവൾ. നവജാത ശിശുവിന്റെ ഹൃദയസ്പർശിയായ ഫോട്ടോയ്ക്കൊപ്പം, ഡെമോക്രസി ഇൻ ആക്‌ഷൻ കോൺഫറൻസിന്റെ ചെയർ വുമൺ ഹോപ്കോ ഇങ്ങനെ കുറിച്ചു, ''ഇന്ന് രാത്രി ഏറെ സമ്മർദ്ദകരമായ അന്തരീക്ഷത്തിൽ മിയ ജനിച്ചു"... ഗർഭിണികളും നവജാത ശിശുക്കളും ഉൾപ്പടെ നിരവധിപ്പേർ ഇപ്പോഴും ബങ്കറുകളിലും മെട്രോ സ്റ്റേഷനുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ്.
കണക്കുകൾ കരയിക്കും
യുദ്ധവും സംഘർഷവും കാരണം ഒരു വർഷം ഒരുലക്ഷം കുട്ടികൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ മരിക്കുന്നതായാണ് കണക്കുകൾ. വിശപ്പ്, ചികിത്സയുടെ ലഭ്യതക്കുറവ്, എന്നിവയാണ് മരണത്തിനിടയാക്കുന്ന പ്രധാന കാരണങ്ങൾ. മ്യൂണിക്ക് സെക്യൂരിറ്റി കൗൺസിലിൽ ചാരിറ്റി എന്ന സംഘടന സമർപ്പിച്ച റിപ്പോർട്ടിലാണ് വിശദീകരണം.
2013നും 2017നുമിടയ്ക്ക് 10 രാജ്യങ്ങളിൽ മാത്രം 5,50,000 കുട്ടികളാണ് മരിച്ചത്. യുദ്ധമാണ് കുട്ടികളുടെ ജീവിതം പ്രധാനമായും ദുസ്സഹമാക്കുന്നത്. യുദ്ധം രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് മാത്രമല്ല ആരോഗ്യസംരക്ഷണം ഒരുക്കുന്നതിനും സാധിക്കാതെ വരുന്നു. ഇത് പ്രധാനമായും ബാധിക്കുക കുട്ടികളെയാണെന്നാണ് സേവ് ദ ചിൽഡ്രനിന്റെ റിപ്പോർട്ട് പറയുന്നത്. യുദ്ധങ്ങളിലൂടെ കുട്ടികൾ വിശപ്പും ആരോഗ്യപ്രശ്‌നങ്ങളും മാത്രമല്ല ലൈംഗികാതിക്രമവും നേരിടുന്നതായി റിപ്പോർട്ടിലുണ്ട്. സേവ് ദ ചിൽഡ്രനിന്റെ റിസർച്ച് പ്രകാരം 2017 മുതൽ ലോകത്തിൽ 420 മില്യൺ കുട്ടികൾ ജീവിക്കുന്നത് യുദ്ധമേഖലയിലാണ്. അഫ്ഗാനിസ്ഥാൻ, സെൻട്രൽ ആഫ്രിക്കാ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോ, ഇറാഖ്, മാലി,നൈജീരിയ, സൗത്ത് സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ കുട്ടികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്.
ഓർമ്മയുണ്ടോ ഇവരെ?
യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് യുദ്ധശേഷം സാമ്രാജ്യത്വ ലോകം വാചാലമാകുമ്പോൾ മറന്നുപോകാൻ ഒരു സാദ്ധ്യതയുമില്ലാത്ത കുറച്ചുപേരുകളുണ്ട്. നാസി കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആൻ ഫ്രാങ്ക്, ഹിരോഷിമ ദുരന്തത്തിൽ അണുവികിരണമേറ്റ് 10 വർഷം വേദനയിൽ പുളഞ്ഞ് മരണത്തിന് കീഴടങ്ങിയ പന്ത്രണ്ടുകാരി സഡാക്കോ, വിയറ്റ്നാമിൽ അമേരിക്ക നടത്തിയ നാപാം ബോംബിംഗിൽ പരിക്കേറ്റ് ഉടുതുണി കത്തിവീണ് പൂർണനഗ്നയായി മരണവെപ്രാളത്തോടെ ഓടുന്ന ഒമ്പതുകാരി പാൻ തി കിം ഫുക്, യുദ്ധത്തിന്റെ ഭീകരത ഒന്നാകെ മുഖത്ത് പ്രതിഫലിപ്പിച്ച് കാമറയ്ക്കു മുന്നിൽ തോക്കാണെന്ന് ഭയന്ന് കൈകൾ ഉയർത്തി കീഴടങ്ങിനിന്ന സിറിയയിലെ ഹുദിയ എന്ന പെൺകുട്ടി...
ലോകത്തോട് പിണങ്ങിക്കിടന്ന ഐലാൻ
ഓർക്കുമ്പോൾ പോലും വേദനകൊണ്ട് നെഞ്ചുചുരത്തുന്ന കാഴ്ചയുണ്ട്, ഒരു കടൽത്തീരത്ത് നിന്ന് ഫോട്ടോഗ്രാഫർ പകർത്തിയത്. അത് കണ്ട് ലോകം കരഞ്ഞു. അമ്മമാർ മനമുരുകി. അച്ഛന്മാരുടെ നെഞ്ചുപൊള്ളി...
2015 സെപ്തംബർ രണ്ടിനാണ് തുർക്കി കടൽത്തീരത്ത് ഒരു മൂന്നുവയസുകാരന്റെ മൃതദേഹമടിഞ്ഞത്. ലോകത്തോടു മുഴുവൻ പിണങ്ങി കമിഴ്ന്നുകിടക്കുന്ന അവന്റെ രൂപം നിലൂഫർ ഡെമിറാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സിറിയയിലെ ആഭ്യന്തര സംഘർഷങ്ങളെയും കൂട്ടക്കുരുതിയെയും തുടർന്ന് ഗ്രീസിലേക്കുള്ള പലായനത്തിലായിരുന്നു ഐലാന്റെ കുടുംബം. അവർ സഞ്ചരിച്ച ബോട്ട് മുങ്ങി, ഐലാന്റെ സഹോദരനും അമ്മയും മരിച്ചിരുന്നു.
ദൈന്യതയാർന്ന കണ്ണുകൾ
കിഴക്കൻ യുക്രെയിനിലെ തങ്ങളുടെ വീട്ടിൽനിന്ന് എങ്ങോട്ടെന്നറിയാതെ, എല്ലാം വിട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടിവന്ന ഒരമ്മയുടെയും കുഞ്ഞിന്റെയും ദൈന്യതയാർന്ന കണ്ണുകളും മുഖവും ലോകത്തെ ഭീതിപ്പെടുത്തിയതും കഴിഞ്ഞ ദിവസങ്ങളിലാണ്. തങ്ങളുടെ രാജ്യമോ, നേതാക്കളോ എന്തിനാണ് പോരാടുന്നതെന്ന് അറിയാതെ, എന്താണ് ഇനിയുള്ള ദിവസങ്ങളിൽ സംഭവിക്കുകയെന്നറിയാതെ, തൊട്ടടുത്ത നിമിഷം തങ്ങൾ ജീവനോടെയുണ്ടാകുമോ എന്നറിയാതെ ഇരിക്കുകയാണ് യുക്രെയിനിലെ പതിനായിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ... ലോകം എങ്ങനെയാണ് അവരോട് മാപ്പ് പറയുക?.....