
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നിന് (ചൊവ്വ) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എറണാകുളം മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്യും. 4ന് വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ പി.രാജീവും കൺവീനർ സി.എൻ.മോഹനനും പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒന്നിന് രാവിലെ 9ന് പതാക ഉയർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും. തുടർന്ന് ഉദ്ഘാടന സമ്മേളനം. വൈകിട്ട് 5.30ന് വേദിയിലെ അഭിമന്യു നഗറിൽ വിപ്ളവഗാനങ്ങളുടെ അവതരണം. 7ന് കെ.പി.എസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം.
2ന് രാവിലെ പ്രതിനിധി സമ്മേളനം. വൈകിട്ട് അഞ്ചിന് അഭിമന്യു നഗറിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള സെമിനാർ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. കെ.ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും പങ്കെടുക്കും. വൈകിട്ട് 6.30ന് രാജേഷ് ചേർത്തലയുടെയും ബിജു മല്ലാരിയുടെയും ഫ്യൂഷൻ സംഗീതം. 7.30ന് തിരുവനന്തപുരം സൗപർണികയുടെ നാടകം 'ഇതിഹാസം'.
3ന് പ്രതിനിധിസമ്മേളനം. വൈകിട്ട് അഞ്ചിന് സാംസ്കാരിക സംഗമം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. എം.സ്വരാജ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം.കെ.സാനു, പ്രൊഫ. കെ.സച്ചിതാനന്ദൻ, ഡോ. സുനിൽ പി.ഇളയിടം, ബി.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6.30ന് വയലിൻ കച്ചേരി. 7.30ന് എ.കെ.ജിയുടെ ജീവിതം ആവിഷ്കരിക്കുന്ന നൃത്തശില്പം. 8.30ന് ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗം.
4ന് പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ്. വൈകിട്ട് 4ന് അലോഷി ആദത്തിന്റെ സംഗീത ശില്പം.
തുടർന്ന് പൊതുസമ്മേളനത്തിൽ എസ്.രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്ണൻ, വൃന്ദ കാരാട്ട്, എം.എ. ബേബി, ജി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. നേരത്തേ ഡൽഹിക്ക് മടങ്ങേണ്ടതിനാൽ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും സമാപനസമ്മേളനത്തിൽ പങ്കെടുക്കില്ല.
പത്രസമ്മേളനത്തിൽ പ്രൊഫ. എം.കെ.സാനു, ഗോപി കോട്ടമുറിക്കൽ, എം.സ്വരാജ്, കെ.ചന്ദ്രൻപിള്ള തുടങ്ങിയവരും പങ്കെടുത്തു.
പ്രതിനിധി സമ്മേളനത്തിൽ
450 പേർ മാത്രം
പ്രതിനിധികളല്ലാത്തവരുടെ പ്രവേശനം പരിമിതപ്പെടുത്തും.
പതാക, ദീപശിഖാ ജാഥകൾ ഉണ്ടാകില്ല
പ്രതിനിധി സമ്മേളനത്തിൽ 50 നിരീക്ഷകർ ഉൾപ്പെടെ 450 പേർ
പൊതുസമ്മേളനത്തിൽ 1500 പേർ
സമ്മേളനവേദി അണുവിമുക്തമാക്കാൻ ആധുനിക സംവിധാനം