തൃക്കാക്കര: തൃക്കാക്കരയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി 45 കോടിരൂപയുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. കേന്ദ്രവിസ്‌കൃത പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതിയുടെ ഭാഗമായി ഓലിമുകൾ പള്ളിക്ക് സമീപത്തും തെങ്ങോട് വനിതാ വ്യവസായ കേന്ദ്രത്തിന് സമീപത്തുമായി 20 ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുളള രണ്ട് ടാങ്കുകൾ നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ തൃക്കാക്കരയിലെ കുടിവെള്ള പ്രശനങ്ങൾക്ക് പരിഹാരം കാണാനാവുമെന്ന് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു.

നഗരസഭാ നടപ്പിലാക്കിയ മൈക്രോ ലവൽ കുടിവെള്ള പദ്ധതി വൈദ്യുതി കണക്ഷൻ പോലും വിഛേദിക്കപ്പെട്ട നിലയിലാണെന്ന്‌ എൽ.ഡി.എഫ് കൗൺസിലർ എം.ജെ. ഡിക്സൺ പറഞ്ഞു.നഗരസഭയിലെ വിവിധ വാർഡുകളിൽ കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സൗജന്യ നിരക്കിൽ നഗരസഭ കുടിവെളളം എത്തിക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി പറഞ്ഞു.

തി​ര​ഞ്ഞെ​ടു​പ്പ്
മു​ന്നി​ൽ​ക​ണ്ടുള്ള
പ്രവർത്തനങ്ങളെന്

കടലാസിൽപോലുമില്ലാത്ത പദ്ധതികളുടെ പേരിൽ നിർമ്മാണോദ്ഘടനം നടത്താനുളള നീക്കത്തിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ രംഗത്തെത്തി.നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തിര കൗൺസിൽ യോഗത്തിലാണ് പ്രതിഷേധത്തിൽ കലാശിച്ചത്. നഗരസഭ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംബ്ലക്സ് ,സ്റ്റേഡിയം കം സ്പോർട്സ് കോംബ്ലക്സ് എന്നിവയുടെ നിർമ്മാണോദ്ഘടനം നടത്താനുളള നീക്കത്തിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഈ പദ്ധതികൾ സംബന്ധിച്ച് പ്ലാൻ പോലും തയ്യാറാക്കിയിട്ടില്ല. റവന്യൂ വകുപ്പിന്റെ കൈയിലിരിക്കുന്ന ഭൂമി വിട്ടുകിട്ടിയാൽ മാത്രമേ പദ്ധതികൾ നടപ്പിലാക്കാനാവൂ എന്നിരിക്കെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഉദ്ഘാടന മഹാമഹം നടത്താനൊരുങ്ങുന്നതെന്നാരോപിച്ച് പ്രതിപക്ഷ കൗൺസിലർമാരായ ചന്ദ്രബാബു,എം.ജെ. ഡിക്സൺ,പി.സി. മനൂപ് എന്നിവർ രംഗത്തെത്തി.
ജനറൽ കൗൺസിലിൽ ഈ പദ്ധതികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യണമെന്ന് ജിജോ ചിങ്ങംതറ സഭയെ അറിയിച്ചു.അടിയന്തിര കൗൺസിൽ യോഗത്തിൽ അടിയന്തര സ്വഭാവമില്ലാത്ത അജണ്ടകൾ പരിഗണിക്കരുതെന്ന് എൽ.ഡി.എഫ് കൗൺസിലർ അഡ്വ.ലിയാ തങ്കച്ചൻ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ കൗൺസിൽ നടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ പ്രതിപക്ഷം ചെയർപേഴ്സന്റെ ഡയസിനടുത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.അജണ്ട വായിക്കാൻ ശ്രമിച്ചതോടെ പ്രതിപക്ഷ കൗൺസിലർ അജുന ഹാഷിം മൈക്ക് ഓഫാക്കിയതോടെ അജണ്ടകൾ മുഴുവൻ പാസാക്കിയതായി ചെയർപേഴ്സൺ അറിയിച്ചു. തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു