ആലുവ: ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷങ്ങൾക്ക് ഒരുക്കം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അറിയിച്ചു.
മണപ്പുറത്ത് ബലിതർപ്പണത്തിനെത്തുന്നവർക്കായി 148 ബലിത്തറകൾ ദേവസ്വം ബോർഡ് ഒരുക്കും. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനായി പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് കുടിവെള്ളം, ഭക്ഷണം എന്നിവ നൽകും. പെരിയാറിൽ ഫയർഫോഴ്‌സിന്റെയും മുങ്ങൽ വിദഗ്ദ്ധരുടെയും സ്‌ക്യൂബ ടീമിന്റെയും സേവനമുണ്ടാകും. സുരക്ഷയ്ക്കായി റൂറൽ എസ്.പി കെ. കാർത്തികേയന്റെ നേതൃത്വത്തിൽ പൊലീസ് സേനയുമുണ്ടാകും.
വാട്ടർ അതോറിറ്റി, ആലുവ നഗരസഭ എന്നിവ സംയുക്തമായി വിവിധ കേന്ദ്രങ്ങളിൽ കുടിവെള്ള വിതരണത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫയർഫോഴ്‌സ്, ആശുപത്രി സേവനങ്ങളും ലഭ്യമായിരിക്കും.
കെ.എസ്.ആർടിസി ആലുവയിലേക്ക് സ്‌പെഷ്യൽ സർവ്വീസുകൾ നടത്തും. വടക്കേ മണപ്പുറത്ത് ബസ് പാർക്കിംഗിന് താത്ക്കാലിക സ്റ്റാൻഡും ഒരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് ആലുവ ശിവരാത്രി ഡ്യൂട്ടിക്കായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചതായും പ്രസിഡന്റ് അറിയിച്ചു. വിമുക്ത ഭടൻമാർ, വോളന്റിയർ സംഘങ്ങൾ തുടങ്ങിയവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.