
കൊച്ചി: കേരളാ പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ഗോൾഡൻ ത്രെഡ്സ് എഫ്.സി. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ഫുട്ബാൾ അക്കാഡമിയെ ( ലീഫാ ) എതിരില്ലാതെ ഒരു ഗോളിന് വീഴ്ത്തി. ത്രെഡ്സിന്റെ ഗാന താരം ജോസഫ് ടിറ്റേയാണ് (44) വിജയഗോൾ നേടിയത്. ഗോൾമുഖത്ത് പതറാതെ നിന്ന മനോബിന്റെ ഉശിരൻ സേവുകളും വിജയത്തിന് മാറ്റുകൂട്ടി. ത്രെഡ്സിന്റെ ഗോൾമുഖത്ത് ലീഫാ മുന്നേറ്റനിര വട്ടമിട്ട് പറന്നെങ്കിലും വലകുലുക്കാനായില്ല. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന എ ഗ്രൂപ്പ് മത്സരത്തിൽ റിയൽ മലബാർ എഫ്.സിയെ എതിരില്ലാതെ മൂന്ന് ഗോളിന് ലൂക്കാ എഫ്.സി തരിപ്പണമാക്കി. പി.വി വിഷ്ണു (37), മുഹമ്മദ് ഷാഹിദ് (54), സി.കെ. സിബിൽ (59) എന്നിവർ വലകുലുക്കി. മുഹമ്മദ് ഷഹിദാണ് പ്ലെയർ ഒഫ് ദി മാച്ച്.