
കൊച്ചി: സമ്പൂർണ്ണ വാക്സിനിഷൻ കൈവരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ വിതരണം സൗജന്യമാക്കും. നാളെ മുതൽ ഫെബ്രുവരി ഏഴ് വരെയാണ് ഈ സൗകര്യം ലഭിക്കുക.
തിരഞ്ഞെടുത്ത 80 ആശുപത്രികളിലാണ് ഇതിനുള്ള സൗകര്യം. ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമുള്ള ബൂസ്റ്റർ ഡോസും സൗജന്യമായി നൽകും.
കൂടുതൽ ആശുപത്രികൾ സന്നദ്ധത അറിയിക്കുമെന്നാണ് പ്രതീക്ഷയെന്ന് വാക്സിനേഷൻ നോഡൽ ഓഫീസർ എം.ജി. ശിവദാസ് അറിയിച്ചു.
കാലാവധി തീരാറായ
വാക്സിനുകൾ
മറ്റ് ജില്ലകൾക്ക്
മാർച്ച് എട്ടിനും 13നും ഇടയിൽ കാലാവധി തീരുന്ന വാക്സിൻ, വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന ജില്ലകൾക്ക് നൽകി. എത്രയും വേഗം ഇത് വിതരണം ചെയ്യണമെന്നും ആ ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
552 പേർക്ക്
കൊവിഡ്
ജില്ലയിൽ ഇന്നലെ 552 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 499 പേർക്കും ഉറവിടം അറിയാത്ത 51 പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം. ഇന്നലെ 1486 പേർ രോഗമുക്തി നേടി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5570 ആണ്. ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 1265 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 132 ആദ്യ ഡോസും, 930 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 448 ഡോസും, 812 ഡോസ് കൊവാക്സിനും, 5 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.