
കൊച്ചി: ശാസ്ത്ര ട്രസ്റ്റും റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ലോഡ്‌സും ക്യാമ്പ്യൻ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്ര 2022 ബാലശാസ്ത്ര കോൺഗ്രസ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ, സ്റ്റേറ്റ്, മറ്റ് സെൻട്രൽ സിലബസുകളിലുള്ള സ്‌കൂളുകളിലെ 7, 8, 9, 11 ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്.
ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ജനറൽ സയൻസ് എന്നിവയിലായിരുന്നു കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചത്. ശാസ്ത്ര ചെയർമാൻ ഡോ.കെ.വി. തോമസ് അദ്ധ്യക്ഷനായി. റോട്ടറി ക്ലബ് പ്രതിനിധി വിനോദ്, ക്യാമ്പ്യൻ സ്‌കൂൾ ഡീൻ ഡോ. ലീലാമ്മ തോമസ്, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ലോഡ്‌സ് പ്രസിഡന്റ് അഡ്വ. വിപിൻ വർഗീസ് എന്നിവർ സംസാരിച്ചു.
സമാപന യോഗത്തിൽ കുസാറ്റ് എൻജിനിയറിംഗ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ജി. മധു പുരസ്‌കാരദാനം നിർവഹിച്ചു. ജനറൽ സയൻസിൽ ഭവൻസ് എളമക്കര, ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയിൽ ക്യാമ്പ്യൻ സ്‌കൂൾ, ജീവശാസ്ത്രത്തിൽ ഭവൻ എരൂർ സ്‌കൂളുകൾ ഓവറോൾ ട്രോഫികൾ കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചതിനുള്ള അവാർഡ് ക്യാമ്പ്യൻ സ്‌കൂൾ നേടി.