മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിലെ കായനാട് ചെക്ക്ഡാം പുനരുദ്ധാരണത്തെകുറിച്ച് പഠിക്കാൻ ഉന്നതതല സംഘം എത്തി. ഐ.ഡി.ആർ.ബി ഡയറക്ടർ (ഡിസൈനിംഗ്) പ്രീയേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. ഓപ്പറേഷൻ ഫ്‌ളഡ് മൂവാറ്റുപുഴ എന്ന പേരിൽ മാത്യുകുഴൽനാടൻ എം.എൽ.എയുടെ ആവശ്യപ്രകാരം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന്റെ തീരുമാനത്തെ തുടർന്നാണ് ചെക്ക് ഡാമിന്റെ അശാസ്ത്രീയത പരിഹരിക്കുന്നതിനും ഡാമിൽ ഷട്ടറുകൾ പിടിപ്പിക്കുന്നതടക്കമുള്ള പഠനത്തിനായി ഉദ്യോഗസ്ഥ സംഘം എത്തിയത്. ഐ.ഡി.ആർ.ബി ഡയറക്ടറെ കൂടാതെ ജോയിന്റ് ഡയറക്ടർ സുജ, മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ (എം1) ബാജി ചന്ദ്രൻ , മറ്റ് ഡാം സേഫ്റ്റി, റവന്യൂ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. പരിശോധന നടത്തിയ സംഘം വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു. മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലും കാലാകാലങ്ങളായുള്ള വെള്ളപ്പൊക്ക ഭീക്ഷണി കുറയ്ക്കുന്നതിന് വേണ്ടി തീവ്രശ്രമങ്ങളാണ് നടത്തുന്നത്. ചെക്ക് ഡാമിൽ ഷട്ടറുകൾ സ്ഥാപിച്ച് ജലനിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ട് എം.എൽ.എ മന്ത്രി റോഷി അഗസ്റ്റിന് കത്ത് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഓപ്പറേഷൻ ഫ്‌ളഡ് മൂവാറ്റുപുഴ എന്ന പേരിൽ മന്ത്രി യോഗം വിളിച്ചു ചേർത്തിരുന്നു. മലങ്കര ഡാമിന്റെ ജലനിരപ്പ് വർഷകാലത്ത് ശരിയായ അളവിൽ നിലനിർത്തുന്നതിനും മൂവാറ്റുപുഴ ആറിന്റെ കൈത്തോടുകളുടെ എക്കൽ നീക്കംചെയ്യാനും ചാലുകൾ ക്ലീൻചെയ്ത് സുഗമമായ ഒഴുക്കുണ്ടാക്കാനും കായനാട് ചെക്ക്ഡാമിന്റെ അശാസ്ത്രീയത പരിഹരിച്ച് അവിടെ ഷട്ടർ നിർമ്മിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ പരിശോധന നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.പി.ബേബി (മാറാടി), ജോളിമോൻ ചൂണ്ടയിൽ (വാളകം), ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമാ രാമകൃഷ്ണൻ,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജിതാ സുധാകരൻ, പി.പി.ജോളി, റെജി. പി.കെ, ബിനോ.കെ.ചെറിയാൻ എന്നിവർ പങ്കെടുത്തിരുന്നു.