
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളന നഗരിയിലെ അഭിമന്യു നഗർ ഇന്ന് മുതൽ ചരിത്രചിത്രശിൽപ പ്രദർശനത്തിന്
വേദിയാകുന്നു. നൂറിൽപരം തൊഴിലാളികൾക്കൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാകാരന്മാരും കലാവിദ്യാർത്ഥികളും ചേർന്നാണ് ചരിത്രത്തെ ശില്പങ്ങളിലും ചിത്രങ്ങളിലും പുന:സൃഷ്ടിച്ചത്. പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടു ബന്ധപ്പെട്ട ആഗോള ദേശീയ പ്രാദേശിക ചരിത്രങ്ങൾ, കേരളത്തിലെ ഇടതുസർക്കാരുകളുടെ നേട്ടങ്ങൾ, കേരളത്തിന്റെ ഇന്നലെകൾ, സ്ത്രീപക്ഷ സമരങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയാണ് പ്രദർശനം. പുന്നപ്ര-വയലാർ, പാലിയം സമരം എന്നിവയാണ് ശില്പങ്ങളുടെ പ്രമേയങ്ങൾ. എ.കെ.ജി പാർലമെന്റിൽ പ്രസംഗിക്കുന്നതിന്റെ ശിൽപവും തയ്യാറാണ്. 300 ചതുരശ്ര അടിയിലാണ് ഇവ. പത്ത് വ്യത്യസ്ത വിഷയങ്ങളിലായി 250 പോസ്റ്ററുകളും തയ്യാറായിട്ടുണ്ട്. ചുറ്റുമതിൽ നിർമ്മിച്ചത് ഫോർട്ടുകൊച്ചിയിലെ അഭിലാഷും സംഘവുമാണ്.
ഇന്ന് വൈകിട്ട് 4 മണിക്ക് സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് എക്‌സിബിഷൻ കമ്മിറ്റി ചെയർമാൻ കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എയും കൺവീനർ അഡ്വ.വി. സലിമും അറിയിച്ചു.
ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ തിങ്കളാഴ്ച രാത്രി ഒമ്പത് വരെ കലാപരിപാടികളും നടക്കുന്നുണ്ട്. റെഡ് പാലറ്റ് ചിത്രരചനാ ക്യാമ്പിൽ രചിച്ച ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. നാടൻപാട്ട്, കവിയരങ്ങ്, ഓട്ടൻതുള്ളൽ, ലഘുനാടകങ്ങൾ, മാജിക് ഷോ തുടങ്ങിയവ പരിപാടികൾക്കും ഇവിടം വേദിയാകും.