
കൊച്ചി: വധഗൂഢാലോചന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ മൂന്ന് പ്രതികളുടെ ശബ്ദസാമ്പിൾ അന്വേഷണ സംഘം വീണ്ടും ശേഖരിച്ചു. കഴിഞ്ഞ ദിവസം കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അതീവ രഹസ്യമായാണ് നടപടി പൂർത്തിയാക്കിയത്. സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദമാണ് ദിലീപിന് പുറമേ രേഖപ്പെടുത്തിയത്. ശബ്ദസാമ്പിൾ വീണ്ടും രേഖപ്പെടുത്താനുണ്ടായ സാഹചര്യം വ്യക്തമല്ല. ദിലീപ്, അനൂപ്, സുരാജ് എന്നിവരുടെ ഫോണുകൾ ബംഗളൂരുവിലെ കേന്ദ്രലാബിലേക്ക് ഉടൻ അയച്ചേക്കും. കോടതിയുടെ നിർദ്ദേശപ്രകാരം പ്രതികൾ കൈമാറിയ ഫോണുകളിൽ നിന്ന് വിവരങ്ങൾ മായ്ചുകളഞ്ഞതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്.