• ആറ് പെൺകുട്ടികളെ പ്രദേശവാസി രക്ഷപ്പെടുത്തി
കട്ടപ്പന/തൃക്കാക്കര: വിനോദയാത്രാ സംഘത്തിലെ വിദ്യാർത്ഥിനി ഇടുക്കി ജലാശയത്തിൽ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന ആറു പെൺകുട്ടികളെ പ്രദേശവാസി രക്ഷപ്പെടുത്തി. കാക്കനാട് പനച്ചിക്കൽ ഷാജഹാന്റെ മകൾ ഇഷ ഫാത്തിമ (17)യാണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് കാക്കനാട് നവനിർമ്മാൺ സ്‌കൂൾ വിദ്യാർത്ഥിനികളായ ഏഴു പെൺകുട്ടികളും ഇവരിൽ ഒരാളുടെ പിതാവും മറ്റൊരാളുടെ സഹോദരനുമടങ്ങുന്ന സംഘം ഇടുക്കിയിൽ എത്തിയത്. പെൺകുട്ടികളിൽ ഒരാളുടെ ജൻമദിനം ആഘോഷിക്കുകയായിരുന്നു ലക്ഷ്യം. കൗന്തിയിലെ ഹോം സ്‌റ്റേയിൽ മുറിയെടുത്ത ശേഷം ഇടുക്കി ജലാശയം കാണാനാണ് വനത്തിലൂടെ പന്ത്രണ്ടാം ബ്ലോക്ക് താമരപ്പാറ ഭാഗത്ത് ഇവർ എത്തിയത്. പ്രദേശവാസിയായ അഭിലാഷിന്റെ (അശോകൻ ) സഹായത്തോടെയാണ് ജലാശയത്തിൽ ഇവർ എത്തിച്ചേർന്നത്. തുടർന്ന് പെൺകുട്ടികൾ കുളിക്കാൻ ജലാശയത്തിൽ ഇറങ്ങി. ഒരു മണിക്കൂറോളം വെള്ളത്തിൽ ചെലവഴിച്ച ശേഷം കരയ്ക്കു കയറുന്നതിന് മുൻപ് ഫോട്ടോയെടുക്കാൻ ശ്രമിക്കവേ എല്ലാവരും നിലതെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അഭിലാഷ് മറ്റെല്ലാവരെയും രക്ഷിച്ച് കരയ്ക്ക് കയറ്റിയപ്പോഴാണ് ഇഷ ഫാത്തിമയെ കാണാനില്ലെന്ന് മനസ്സിലായത്.
തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കട്ടപ്പനയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് കയത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
ഇഷ ഫാത്തിമ നവനിർമ്മാൺ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരി ഹയാ ഫാത്തിമയ്ക്ക് കൂട്ടായാണ് ഇഷ എത്തിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് കാക്കനാട്ടെ വസതിയിൽ എത്തിക്കും. പിതാവ്: പി.എ. ഷാജഹാൻ (ഷാജി, തൃക്കാക്കര പഞ്ചായത്ത് മുൻ മെമ്പർ). മാതാവ്: അഡ്വ. എ. സീന.
അഭിലാഷിന്റെ മനോധൈര്യം ആറ് പേരുടെ ജീവൻ കാത്തു
കൗന്തി സ്വദേശി ചണ്ടനാക്കുന്നേൽ അഭിലാഷിന്റെ ധീരതയിൽ രക്ഷപ്പെട്ടത് ആറു പെൺകുട്ടികളുടെ ജീവൻ. വനമേഖലയോട് ചേർന്ന് കിടക്കുന്ന ജലാശയത്തിലേക്ക് പോകും വഴിയാണ് ഒൻപതംഗ സംഘം സമീപവാസിയായ അഭിലാഷിനെയും വഴികാട്ടിയായി കൂട്ടിയത്. നന്നായി നീന്താൻ അറിയാവുന്ന അഭിലാഷിന്റെ സാന്നിദ്ധ്യമാണ് സംഘത്തിന് തുണയായത്.