കൊച്ചി: യുദ്ധം എന്ന ഭീകരത ലോകത്തിന്റെ വികസനസ്വപ്നത്തെ മുറിവേൽപ്പിക്കുമെന്ന് പ്രൊഫ. എം.കെ.സാനു പറഞ്ഞു. കൊച്ചി സാംസ്‌ക്കാരിക കൂട്ടായ്മയുടെ നേത്യത്വത്തിൽ 'യുദ്ധം വേണ്ടാ, വേണം സമാധാനം' എന്ന മുദ്രാവാക്യവുമായി എണാകുളം ബി.ടി.എച്ച് ഗാന്ധി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയോടൊപ്പം സകല ചരാചരങ്ങളും , സംസ്‌ക്കാരങ്ങളും യുദ്ധക്കെടുതിയിൽ നശിക്കുന്നു. മാനവരാശിയുടെ നന്മയെന്ന സങ്കൽപ്പത്തെ , സ്‌നേഹമെന്ന ദിവ്യത്വത്തെ ഇല്ലായ്മ ചെയ്യാനുള്ള പ്രവണത ഒരിക്കലും ചിന്തിക്കുകപോലും അരുത്. യുദ്ധത്തിനെതിരെ മാനവീകതയുടെ സ്‌നേഹപുഷ്പമാണ് ഭൂലോകത്ത് വിതറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി. രാമചന്ദ്രൻ (വേണു) ഇ.എൻ.നന്ദകുമാർ , പി.ശിവശങ്കരൻ , സി.വി. സജിനി, ഇ.എം. ഹരിദാസ് , എം.വി. ഹരിറാം എന്നിവർ പ്രസംഗിച്ചു.