
കൊച്ചി: നാളെ ഇവിടെ ആരംഭിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ കേരളത്തിന്റെ വികസനം മുഖ്യവിഷയമാണെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന്റെ താത്പര്യത്തിന് അനുയോജ്യമായതും, പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതുമായ നിക്ഷേപങ്ങളെ പിന്തുണയ്ക്കും.
വിഭാഗീയതയോ ഗ്രൂപ്പിസമോ ഇല്ലാതെ കേന്ദ്രീകൃത നേതൃത്വത്തിൻ കീഴിൽ സി.പി.എം പ്രവർത്തിക്കുന്ന അവസ്ഥയാണിന്ന് സംസ്ഥാനത്തുള്ളത്. . എൽ.ഡി.എഫ് ഭരണ മുന്നണിയാണെങ്കിലും 50 ശതമാനം ജനപിന്തുണയില്ല. ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമാക്കി പാർട്ടിയെ മാറ്റാനുള്ള നയങ്ങൾക്കാകും രൂപം നൽകുക. അതിൽ സർക്കാരിന്റെ പ്രവർത്തനം നിർണായകവുമാണ്. കഴിഞ്ഞ സർക്കാരിന്റെ മികവാണ് തുടർഭ രണത്തിന് കാരണം. ഇനി പുതിയ പദ്ധതികൾ വേണം. നിലവിലുള്ള തടസങ്ങൾ മാറ്റണം. അതിനായി 25 വർഷത്തെ വികസന പദ്ധതിയാണ് ആവിഷ്കരിക്കേണ്ടത്. സി.പി.എമ്മിന്റെ വികസന കാഴ്ചപ്പാട് ഇടതുമുന്നണിയിൽ ചർച്ച ചെയ്യും. നിർദ്ദേശങ്ങളും ഭേദഗതികളും മനസിലാക്കും. സമൂഹത്തിൽ നിന്നുള്ള അഭിപ്രായങ്ങളും കേൾക്കും. ശേഷമാകും നയത്തിന് എൽ.ഡി.എഫ് അന്തിമരൂപം നൽകുക. സ്വകാര്യനിക്ഷേപം 1956ലെ തൃശൂർ സംസ്ഥാന സമ്മേളനം അംഗീകരിച്ചതാണ്. അങ്ങനെയാണ് മാവൂർ ഗ്വാളിയോർ റയോൺസ് വന്നത്.
പ്രായപരിധി 75 ആക്കുന്നതിന്റെ പേരിൽ ഒഴിവാകേണ്ടി വരുന്നവരെ സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായ മറ്റ് ചുമതലകൾ ഏൽപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, എസ്.ശർമ്മ, അഡ്വ.എം.സ്വരാജ് എന്നിവരും സംബന്ധിച്ചു.ഇന്ന് വൈകിട്ട് നാലിന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബോൾഗാട്ടി പാലസ് ഹോട്ടലിൽ ചേരും.
ആദ്യദിന പരിപാടി
ഒന്നാം തിയതി രാവിലെ 9.30ന് പതാക ഉയർത്തൽ. 10.30ന് പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. തുടർന്ന് സമ്മേളന കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ്, രക്തസാക്ഷി പ്രമേയം. 12.15ന് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് നാലിന് 'നവകേരളം: വികസന കാഴ്ചപ്പാട്' നയരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.
പാർട്ടിക്കരുത്ത് കൂട്ടൽ അജൻഡ,
കേരള വികസനത്തിന് നയരേഖ
തിരുവനന്തപുരം: വിഭാഗീയതയുടെ പിരിമുറുക്കമില്ലാതെയും തുടർഭരണം ഉറപ്പാക്കിയ സംഘടനാമികവിന്റെ പിൻബലത്തോടെയും സി.പി.എം സംസ്ഥാന സമ്മേളനത്തിലേക്ക്. കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന സമ്മേളനം തുടർഭരണത്തിന്റെ പശ്ചാത്തലത്തിൽ നേതൃത്വത്തിന് ആത്മവീര്യമേകുന്നതാകും. പ്രാദേശികതലത്തിലെ ചില വിഭാഗീയതകൾ നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും, അത് നേതൃതല വിഭാഗീയതയായി രൂപപ്പെടാതിരിക്കാനുള്ള ജാഗ്രതയുണ്ട്.
ഭരണവും പാർട്ടിയും ഒരേ വഴിക്കു നീങ്ങുന്ന സ്വസ്ഥമായ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് പാർട്ടിയുടെ സംഘടനാ കരുത്ത് വ്യാപിപ്പിക്കുകയാണ് 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള എറണാകുളം സംസ്ഥാനസമ്മേളനം ലക്ഷ്യമിടുന്നത്. പാർട്ടിയുടെ ബഹുജനസ്വാധീനം വർദ്ധിപ്പിക്കുകയാണ് മുഖ്യ അജൻഡ. അതോടൊപ്പം ഭാവികേരള വികസനം ലക്ഷ്യമിട്ടുള്ള നയരേഖയും സമ്മേളനം അംഗീകരിക്കും. വികസന കാഴ്ചപ്പാടിൽ പാർട്ടി സമ്പൂർണ പരിഷ്കരണ വാദത്തിലേക്കു മാറുന്ന പശ്ചാത്തലത്തിൽ ഈ നയരേഖ നിർണായകമാകും. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായിട്ടും ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി വളരാനായിട്ടില്ലെന്ന സ്വയംവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംഘടനാ ശാക്തീകരണ അജൻഡ സി.പി.എം ചർച്ച ചെയ്യാനൊരുങ്ങുന്നത്.
2016ലും 2021ലും മികച്ച വിജയത്തോടെ ഭരണത്തിലേറിയപ്പോഴും ഇടതുമുന്നണിക്ക് സ്വാധീനമുറപ്പിക്കാനാവാത്ത ജില്ലയായി എറണാകുളം നിൽക്കുന്നു. അവിടെ സംഘടനാബലം കൂട്ടുന്നതിനാവശ്യമായ രാഷ്ട്രീയതന്ത്രങ്ങളും പാർട്ടി ആലോചിക്കുന്നു. ഇടത്തരം- മദ്ധ്യവർഗ വിഭാഗം കൂടുതലായതും, നഗരമേഖലയുടെ വ്യാപനത്താൽ സമ്പന്നവർഗം വളർന്നുവരുന്നതുമാണ് എറണാകുളത്തിന്റെ വലതുപക്ഷ ചായ്വിനു കാരണമായി സി.പി.എം വിലയിരുത്തുന്നത്. അത്തരം കേന്ദ്രത്തിലേക്ക് കടന്നുചെല്ലാനുതകുന്ന രാഷ്ട്രീയ അടവുനയം ചർച്ച ചെയ്തേക്കും.
ആഗോളീകരണ, ഉദാരവത്കൃത സമൂഹത്തിൽ പുതിയ ഇടത്തരം വർഗം ശക്തിപ്പെട്ടുവരുമ്പോൾ അവരെ കൂടുതലായി ആകർഷിക്കാനുതകുന്ന പരിപാടികളിലേക്ക് പാർട്ടി കടന്നുചെല്ലും. അതോടൊപ്പം ധനിക- ദരിദ്ര അന്തരം കൂടിവരുന്നതും കൊവിഡ് മഹാമാരി സമൂഹത്തെ കൂടുതൽ ദരിദ്രവത്കരിച്ച സാഹചര്യവും പാർട്ടി കാണുന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ കേരളത്തിൽ സ്വാധീനമുയർത്താൻ ഒരുപോലെ നടത്തുന്ന നീക്കങ്ങളെയും ജാഗ്രതയോടെയാണ് സി.പി.എം നോക്കിക്കാണുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തെ പിറകോട്ടടിക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷബോധം വളർത്താനുതകുന്ന ആശയപ്രചരണം ഏറ്റെടുക്കുന്നതും സമ്മേളനം ചർച്ച ചെയ്യും.