df

കൊച്ചി: കാശ്മീർ സ്വദേശികളായ സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാർ വ്യാജ തോക്കുമായി പിടിയിലായ കേസിൽ കുറ്റപത്രം ഉടൻ. തിരുവനന്തപുരം കരമന, എറണാകുളം കളമശേരി , കണ്ണൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലാണ് കുറ്റപത്രം ഒരുങ്ങുന്നത്. പ്രോസിക്യൂഷൻ നിലപാട് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കും. മൂന്നിടത്തെ കേസുകളിലായി ആകെ 27 പ്രതികളാണുള്ളത്. അന്വേഷണം തന്നിലേക്ക് നീണ്ടതോടെ ഇതിലൊരാൾ കാശ്മീരിൽ ആത്മഹത്യ ചെയ്തിരുന്നു. സി.ബി.ഐ കേസിൽ പ്രതിയാണിയാൾ. ആയുധ നിരോധന നിയമപ്രകാരമാണ് കേരളത്തിലെ കേസുകൾ. കരമന, കളമശേരി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി 27 വ്യാജ തോക്കുകളും 100ലധികം തിരകളുമാണ് പിടിച്ചെടുത്തത്. 2021 സെപ്തംബറിൽ രജിസ്റ്റർ ചെയ്തകേസിൽ പ്രത്യേക സംഘം കാശ്മീരിലെത്തി തെളിവെടുപ്പ് നടത്തിയാണ് അന്വേഷണം പൂർത്തിയാക്കിയത്.


കാശ്മീർ രജൗരി ജില്ലയിൽ അനധികൃതമായി പ്രവൃത്തിച്ചിരുന്ന ഫാക്ടറിയിൽ നി‌ർമ്മിച്ച സിംഗിൾ ബാരൽ, ഡബിൾ ബാരൽ തോക്കുകളാണ് സെക്യൂരിറ്റി ജോലിക്കായി വ്യാജരേഖ ച‌മച്ച് കേരളത്തിലെത്തിച്ചത്. പിടിച്ചെടുത്ത 27 തോക്കുകൾ മാത്രമേ സംസ്ഥാനത്ത് എത്തിയിട്ടുള്ളൂവെന്നാണ് കണ്ടെത്തൽ. ഫാക്ടറിൽ നി‌ർമ്മിച്ച തോക്കുകൾ രാജ്യത്തിന്റെ പലഭാഗത്തേക്കും കടത്തിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. കാശ്മീരിലെ തോക്ക് നി‌ർമ്മാണക്കേസ് സി.ബി.ഐ അന്വേഷിച്ച് വരികയാണ്. രജൗരിയിലുൾപ്പെടെ കാശ്മീരിലെ അനധികൃത തോക്കുഫാക്ടറികൾ പൂട്ടി ഉടമകൾ സ്ഥലംകാലിയാക്കിയ നിലയിലാണ്. പിടിയിലായതിന് ശേഷം പ്രതികൾ കൈമാറിയ രജൗരി എ.ഡി.എമ്മിന്റെ പേരിലുള്ള രേഖകൾ വ്യാജമാണെന്ന് രജൗരി എ.ഡി.എം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

 തോക്ക് കേസ്

ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കുന്നതിന്റെ സുരക്ഷാ ചുമതലയുള്ള മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്കോയെന്ന സ്ഥാപനത്തിലെ കാശ്മീർ സ്വദേശികളായ അഞ്ച് ജീവനക്കാരാണ് ആദ്യം പിടിയിലായത്. പിന്നാലെ കൊച്ചിയിൽ 19 പേരും കണ്ണൂരിൽ മൂന്നുപേരും റെയ്ഡുകളിൽ കുടുങ്ങി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് കാശ്മീരികളെ കുടുക്കിയത്. സുരക്ഷാ ഏജൻസിയുടെ ജീവനക്കാരെയെല്ലാം കാശ്മീരിൽ നിന്നാണ് റിക്രൂട്ട് ചെയ്തത്. തോക്ക് കേസിന് പിന്നാലെ അടിക്കടി സംസ്ഥാനവ്യാപകമായി പരിശോധന നടത്തണമെന്നാണ് ഡ‌ി.ജി.പി നി‌‌ർദ്ദേശം.

 പരസ്യം പാരയായി

സ്വന്തമായി തോക്കും ലൈസൻസുമുള്ളവർക്കാണ് സുരക്ഷാ ജീവനക്കാരുടെ ജോലിക്ക് മുൻഗണനയെന്ന് എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്ന സ്വകാര്യ കമ്പനിയായ സിസ്‌കോ വാഗ്ദാനം ചെയ്തിരുന്നു. ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇവർ മഹാരാഷ്ട്രയിലെ എസ്.എഫ്.വി എന്ന റിക്രൂട്ടിംഗ് കമ്പനിയിലെത്തുന്നത്. ലൈസൻസ് വ്യാജമാണെന്ന് കമ്പനി അധികൃതർക്ക് മനസിലായില്ല. തുടർന്ന് സംഘത്തെ കേരളത്തിലേക്ക് വിട്ടു. വിദ്യാഭ്യാസം കുറവുള്ള ഇവരെ കേരളത്തിൽ ലൈസൻസ് പരിശോധന പ്രശ്‌നമില്ലെന്ന് ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.