മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായിതായി യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ.അനി.കുമാർ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ അറിയിച്ചു. നാളെ നടക്കുന്ന ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാചാരപ്രകാരമുള്ള തിരുക്കർമ്മങ്ങളോടെയായിരിക്കും പരിപാടികൾ. ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ അഖണ്ഡനാമജപം നടക്കും. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാത്രി 12ന് ക്ഷേത്രം മേൽശാന്തിയായ രാകേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ബലിതർപ്പണത്തിന് എല്ലാവിധ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് ചടങ്ങുകളെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.