ukrain

കളമശേരി: അക്ഷരയുടെ വരവുംകാത്ത് കളമശേരി റോക്ക് വെൽ റോഡ് പ്രതീക്ഷ നഗറിൽ പിതാവ് രഞ്ജിത്തും അമ്മ പ്രീതി, സഹോദരി അഞ്ജന എന്നിവർ മൂന്നുദിവസമായി ഊണും ഉറക്കവുമില്ലാതെ കാത്തിരിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കഴിഞ്ഞദിവസം അക്ഷര സുരക്ഷിതയായി വീട്ടിലെത്തുംവരെ ആശങ്കയായിരുന്നു.

യുക്രയിനിന്റെ പടിഞ്ഞാറൻ അതിർത്തി കടന്ന് റൊമേനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റ് വരെ റോഡ് മാർഗം മൈനസ് ഡിഗ്രി തണുപ്പ് സഹിച്ച് കിലോമീറ്ററുകൾ നടന്ന് എത്തിയപ്പോൾ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എയർ ഇന്ത്യ വിമാനം തയ്യാറായി നില്പുണ്ടായിരുന്നു. 219 ഭാരതീയരെയും വഹിച്ചുകൊണ്ട് വിമാനം മുംബയിലെത്തി. ഇന്നലെ രാവിലെ നെടുമ്പാശേരിയിലെത്തുമ്പോൾ 26 മലയാളി വിദ്യാർത്ഥികളെയും സ്വീകരിക്കാൻ മന്ത്രി പി.രാജീവ്, അൻവർ സാദത്ത്, ബെന്നി ബഹനാൻ , കളക്ടറുടെ പ്രതിനിധി എന്നിവരടങ്ങിയ സംഘമുണ്ടായിരുന്നു.

യുക്രയിനിൽ ചെർനിവിട്സിലുള്ള ബുക്കോവിനിയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിനിയാണ് അക്ഷര രഞ്ജിത്. ആറ് വർഷമായി യുക്രെയിനിലാണ്. കോഴ്സ് പൂർത്തിയായി മേയിൽ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനിടയിലാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. ജീവനോടെ മാതൃരാജ്യത്ത് തിരിച്ചെത്താൻ കഴിഞ്ഞതിൽ ഭാരതസർക്കാരിനോട് അക്ഷര നന്ദി പറഞ്ഞു.