
നെടുമ്പാശേരി: യുക്രെയിനിലെ യുദ്ധഭൂമിയിൽ നിന്നു രക്ഷപ്പെട്ട് 47 മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. മുംബയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 11 പെൺകുട്ടികളുടെ സംഘത്തെ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.
പുറത്ത് കാത്തുനിന്ന മാതാപിതാക്കളും ബന്ധുക്കളും വികാരഭരിതരായാണ് വിദ്യാർത്ഥികളെ വരവേറ്റത്.
ഡൽഹിയിൽ നിന്ന് ബംഗളൂരു വഴി വന്ന രണ്ടാമത്തെ വിമാനത്തിൽ മൂന്ന് ആൺകുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരും, ഡൽഹിയിൽ നിന്നെത്തിയ മറ്റൊരു വിമാനത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേരുമുണ്ടായിരുന്നു. രാത്രി 10.45ഓടെ കൊച്ചിയിലെത്തിയ ഡൽഹിയിൽ നിന്നുള്ള മറ്റൊരു വിമാനത്തിൽ 20 വിദ്യാർത്ഥികൾ കൂടി എത്തി.
റുമേനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് ഡൽഹി, മുംബയ് വിമാനത്താവളങ്ങളിൽ വന്നിറങ്ങിയവരാണ് ഇവരെല്ലാവരും.
യുക്രെയിൻ ചെർണോവിഴ്സി ബുക്കോവിനിയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ഇവർ.
ബുക്കാറെസ്റ്റിൽ നിന്നാണ് 240 പേർ വീതമുള്ള ഇന്ത്യൻ സംഘം ഡൽഹിയിലേക്ക് വിമാനം കയറിയത്. ബുക്കോവിനിയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മാത്രം 1000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. ഇതിൽ രണ്ട് വിമാനങ്ങളിലായി 480 പേർ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്നും നാളെയുമായി മറ്റുള്ളവരെ നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്.