fasal

കോലഞ്ചേരി: ലഹരിവിരുദ്ധ പ്രചാരണ രംഗത്ത് പുതുമാതൃക തീർത്ത് ഫൈസൽ പടിയിറങ്ങി. സംസ്ഥാന എക്‌സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരിവർജ്ജന മിഷൻ ജില്ലാ കോ-ഓർഡിനേ​റ്ററാണ് വിമുക്തിയെ ജനകീയമാക്കി പടിയിറങ്ങുന്നത്. വിമുക്തി ലഹരിവർജ്ജന മിഷന്റെ ജില്ലാ കോ-ഓർഡിനേ​റ്ററായി 2020 ജനുവരി 1 നാണ് ഫൈസൽ നിയമിതനായത്. വിമുക്തി ലഹരിവർജ്ജന മിഷനെ ജനകീയമാക്കുന്നതിനായി നിരവധി പദ്ധതികളാണ് ഇതുവരെ ജില്ലയിൽ നടപ്പാക്കിയത്.

ജനകീയ ഇടപെടലിലൂടെ ലഹരി മാഫിയയ്ക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കിയത്. ജില്ലാ സ്‌പോർട്‌സ് കൗൺസിലും എൻ.എസ്.എസുമായി ചേർന്ന് ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നടത്തിയ 'കാവലാൾ, "കുടുംബശ്രീ" സ്‌നേഹിതയുമായി ചേർന്ന് നടത്തിയ 'ജാഗ്രത ' തുടങ്ങി പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. ഇതോടൊപ്പം കോളജ് വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പ്രത്യേകപരിപാടികളും ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ ജില്ലയിലെ ക്ലബ്ബുകളിലും വായനശാലകളിലും നടത്തിയ വിവിധ പരിപാടികളും ജനശ്രദ്ധയാകർഷിച്ചു.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഓൺലൈനായും നൂറുകണക്കിന് ബോധവത്കരണ പരിപാടികളാണ് ജില്ലയിൽ നടത്തിയത്. പട്ടികജാതി വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിൽ നടത്തിയ ബോധവത്കരണവും ഇതിന്റെ തുടർച്ചയായി അതത് മണ്ഡലങ്ങളിലെ എം.എൽ.എമാരെ പങ്കെടുപ്പിച്ച് നടത്തിയ ജനകീയ മുഖാമുഖവും ഭവന സന്ദർശനവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് 11 മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചു.

ലഹരിക്കടിമകളായ നിരവധി പേരെ കൗൺസലിംഗും ചികിത്സയുംവഴി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. മാദ്ധ്യമപ്രവർത്തകനായ ഇദ്ദേഹം പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കവേയാണ് വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേ​റ്ററായി സർക്കാർ നിയമിച്ചത്. മൂവാറ്റുപുഴ രണ്ടാർകര സ്വദേശിയാണ് ഫൈസൽ.