കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത പദ്ധതിക്ക്‌ തുടക്കം കുറിച്ചു. പ്രസിഡന്റ്‌ സൈജന്റ് ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിന്റെ പ്രധാന ജംഗ്ഷൻ ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളും മാലിന്യ മുക്തമാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതി നടപ്പാക്കിയതിന് ശേഷം മാലിന്യം നിക്ഷേപിക്കരുത് എന്ന പരസ്യ ബോർഡ് സ്ഥാപിക്കുകയും എല്ലാ പ്രദേശങ്ങളിലും മെറ്റീയൽസ് കളക്ഷൻ സെന്ററുകളും ആരംഭിക്കും.ഇതോടനുബന്ധിച്ച് മുഴുവൻ വീടുകളിലും ഗ്രീൻ കാർഡുകൾ നൽകും.

കൂടാതെ എല്ലാ വീടുകളിലും അജൈവ മാലിന്യം സൂക്ഷിക്കാൻ വേസ്റ്റ് ബിൻ ബോക്സും നൽകും. മാസത്തിൽ 20 ദിവസം പ്രത്യേക പരിശീലനം കൊടുത്ത ഹരിത കർമസേന അംഗങ്ങൾ വീടുകളിലും കടകളിലും കയറി അജൈവ മാലിന്യങ്ങൾ ശേഖരിക്കും. വീടൊന്നിനു 50 രൂപയും കടകളിൽ നിന്നും 100രൂപ വീതവും ഫീസ് ഈടാക്കും. മാലിന്യം പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ചടങ്ങിൽ വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ ശശി, വി.ഇ.ഒ സന്തോഷ്‌, ആരോഗ്യ വിഭാഗം ജീവനക്കാരായ വി.ആർ.ഉഷ, മനോജ് മാത്യു, പി.ആർ.രവി, കെ.എം.അലിയാർ, അനിൽ, ജെയ്‌മോൻ ജോസ്,ജമീല ഷംസുദ്ദീൻ, രശ്മി കൃഷ്ണകുമാർ, ഹരിത കർമ്മ സേന പ്രവർത്തകർ, എന്നിവർ പങ്കെടുത്തു