കൊച്ചി: ലോകസമാധാനത്തിനായി രാഷ്ട്രങ്ങൾ സ്വാർത്ഥ താത്പര്യങ്ങൾ വെടിയണമെന്ന് അഹ്‌മദിയ്യാ മുസ്ലീം ജമായത്ത് ജില്ലാ അമീർ ടി.കെ.അബൂബക്കർ സാഹിബ് ആവശ്യപ്പെട്ടു. അഹ്‌മദിയ്യാ മുസ്ലീം ജമായത്ത് വയോജന സംഘടന മജ്‌ലിസ് അൻസാറുല്ലാ സമാധാന സന്ദേശവുമായി സംഘടിപ്പിച്ച ജില്ലാ തലീം ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാം ലോകമഹായുദ്ധത്തിന്റെ സാദ്ധ്യതകളെ കുറിച്ചും അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ചും അഹ്‌മദിയ്യാ ഖലീഫ ഹദ്‌റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളുടെയും വരുംതലമുറകളുടെയും ഭാവി നശിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്നവരായി നേതാക്കളും സർക്കാരുകളും മാറരുതെന്നും ജില്ലാ അമീർ പറഞ്ഞു. ജില്ലാ മജ്‌ലിസ് അൻസാറുല്ലാ പ്രസിഡന്റ് എച്ച്.അഹ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. മൗലവി സുൽത്താൻ നസീർ, മൗലവി സി.എൻ.താഹിർ അഹ്മദ്, ബി.ബി.അഹ്മദ് കബീർ തുടങ്ങിയവർ പ്രസംഗിച്ചു. ലോകസമാധാനത്തിനായി സമൂഹപ്രാർത്ഥനയും നടത്തി.