ആലുവ: പെരിയാറിൽ മുങ്ങിക്കുളിച്ച് പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്താൻ ഇക്കുറി ആലുവയിലേക്ക് ലക്ഷങ്ങൾ ഒഴുകിയെത്തും. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷം കടുത്ത നിയന്ത്രണങ്ങളായിരുന്നതിനാൽ വീട്ടിലിരുന്നും നാട്ടിലെ ക്ഷേത്രങ്ങളിലുമെല്ലാം ബലിതർപ്പണം നടത്തിയവർ ഇക്കുറി ആലുവ മണപ്പുറത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ രാത്രി ഉറക്കമളച്ച് ശിവപഞ്ചാക്ഷരി മന്ത്രം ചൊല്ലി കാത്തിരിക്കുന്ന ഭക്തജനങ്ങൾ ബുധനാഴ്ച പുലർച്ചെ മുതൽ ബലിത്തർപ്പണം നടത്തി മടങ്ങും. ഇത്തവണ ശിവരാത്രി ദിനത്തിന് പിന്നാലെ കറുത്തവാവ് ആയതിനാൽ ശിവരാത്രി ബലിത്തർപ്പണം പിതൃക്കൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം.

നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2020ലേതിന് സമാനമായ സാഹചര്യത്തിൽ ബലിതർപ്പണത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം. എന്നാൽ രണ്ട് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 48 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും കരുതണമെന്നാണ് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുള്ളത്.

ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാരമേള ഇക്കുറിയില്ലാത്തത് ശിവരാത്രി ആഘോഷത്തിന്റെ പൊലിമ കുറക്കും. ശിവരാത്രി നാളിൽ ഉറക്കമിളച്ച് ബലിയിടാൻ എത്തുന്നവരിൽ അധികവും മണപ്പുറത്തെ വ്യാപാരമേളക്കെത്തുന്നവരാണ്. വ്യാപാരമേള ഇല്ലാത്തതിനാൽ ഇക്കുറി ഉറക്കമിളക്കാനെത്തുന്നവർ കുറയുമെന്നാണ് കരുതുന്നത്. എന്നാൽ ദേവസ്വം ബോർഡിന്റെ സ്ഥലത്ത് നാല് ദിവസത്തേക്ക് വ്യാപാരമേളക്ക് 30ഓളം സ്റ്റാളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ബലിതർപ്പണം ബുധനാഴ്ച പുലർച്ചെ 12 മുതൽ

ശിവരാത്രി ബലിത്തർപ്പണം ബുധനാഴ്ച പുലർച്ചെ 12നാരംഭിക്കും. ഒരു മണിക്കൂറിന് ശേഷം 01.05ന് കുംഭത്തിലെ അമാവാസിയ്ക്ക് തുടക്കമാകും. രാത്രി 11.03 വരെ നീണ്ടു നിൽക്കുന്നതിനാൽ ബലിത്തർപ്പണം നടത്താം. 150 ബലിത്തറകൾക്ക് സൗകര്യമൊരുക്കിയെങ്കിലും ഇതുവരെ 60 തറകളേ ഏറ്റെടുക്കാൻ പുരോഹിതന്മാർ എത്തിയുള്ളു. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിക്കും.

പൊലീസ് സ്പെഷ്യൽ സ്ക്വാഡ്


ശിവരാത്രിയോടുബന്ധിച്ച് ശക്തമായ സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്. പോക്കറ്റടിക്കാരെയും, പിടിച്ചുപറിക്കാരെയും മറ്റും നിരീക്ഷിക്കുന്നതിനായി എല്ലാ ജില്ലകളിൽ നിന്നുള്ള മഫ്തി പൊലീസ് ഉൾപ്പെടുന്ന പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. മണപ്പുറം ക്ഷേത്രത്തിൽ നിന്നും 50 മീറ്റർ ചുറ്റളവിൽ വഴിയോരകച്ചവടങ്ങൾ അനുവദിക്കില്ല. ആലുവ നഗരസഭ ഇന്ന് മുതൽ യാചക നിരോധന മേഖലയായി പ്രഖ്യാപിച്ചു.