
കൊച്ചി: കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം റെസിഡന്റ് ഡോക്ടർ രേഷ്മ ആൻ എബ്രഹാം (27) ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. സംഭവദിവസം മൂന്ന് മണിയോടെയാണ് ജോലികഴിഞ്ഞ് രേഷ്മ താമസസ്ഥലത്തേക്ക് മടങ്ങിയത്. ഫ്ലാറ്റിലെത്തിയ രേഷ്മ 13 നിലയുള്ള കെട്ടിടത്തിന്റെ റൂഫ് ടോപ്പിലേക്കാണ് നേരെ പോയത്. ഏറെ നേരം അവിടെ ചെലവഴിച്ചു. അഞ്ചോടെ താഴേക്കിറങ്ങി ഒരു കസേരയുമായി മടങ്ങിയെത്തി ഫോണും മാസ്കും പാരപ്പറ്റിൽ വച്ച് താഴേക്ക് ചാടുകയായിരുന്നെന്ന് സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഒന്നാം നിലയിലെ സൺഷെയ്ഡിന്റെ കൈവരിയിൽ വീണ രേഷ്മ തത്ക്ഷണം മരിച്ചു. ശബ്ദംകേട്ട സെക്യൂരിറ്റി ജീവനക്കാരൻ ആദ്യം കരുതിയത് ഫ്ലാറ്റിലെ ഏതെങ്കിലും അപ്പാർട്ട്മെന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായിരിക്കുമെന്നാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ചോരയിൽ കുളിച്ചനിലയിൽ രേഷ്മയെ കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സെത്തി മൃതദേഹം താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചു. ഇവർ നേരത്തെയും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. എന്നാൽ ജോലിയുമായി ബന്ധപ്പെട്ട് രേഷ്ടമയ്ക്ക് മാനസിക സമ്മർദ്ദം ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. രേഷ്മയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറി. വരയന്നൂർ സെന്റ് തോമസ് മാർത്തോമ ചർച്ചിൽ നാളെ സംസ്കാര ചടങ്ങുകൾ നടക്കും. പത്തനംതിട്ട കോയിപ്പുറം പുല്ലാട് കുളത്തുമാട്ടക്കൽ ബെതേസ്ദോ വീട്ടിൽ ജോർജ് എബ്രാഹിമിന്റെ മകളാണ് രേഷ്മ. മാതാവ് ഗ്രേസി. ഒരു സഹോദരിയുണ്ട്.