പെരുമ്പാവൂർ: നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണ വുമായി ബന്ധപ്പെട്ട വസ്തുതാവിരുദ്ധമായ ആരോപണങ്ങളും ബഹിഷ്‌കരണ നാടകവുമായി ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ്- ട്വന്റി20 അവിശുദ്ധ സഖ്യമെന്ന് പ്രസിഡന്റ് അൻവർ അലി പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ സഖ്യം ചേർന്നു മത്സരിച്ചു ജയിച്ചുവെങ്കിലും ചില യു.ഡി.എഫ് നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് നാണംകെട്ട് രാജിവെയ്ക്കേണ്ടിവന്ന സഖ്യമാണ് ഇപ്പോൾ മറ്റൊരു രൂപത്തിൽ രാഷ്ട്രീയ പ്രേരിത അജണ്ടയുമായി രംഗത്തെത്തിയിരിക്കുന്നത്. യു.ഡി.എഫിന്റെ അഞ്ച് അംഗങ്ങളും ട്വന്റി20 യുടെ നാലു അംഗങ്ങളും ഒരുമിച്ച് ഒപ്പിട്ടു നൽകിയ കത്ത് ചർച്ചചെയ്യാൻ വിളിച്ച ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ അക്കാര്യങ്ങൾ ഉന്നയിക്കാൻ പോലും തയ്യാറാവാതെ ബഹിഷ്‌കരണ നാടകം അവതരിപ്പിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ വിവേചനം കൂടാതെ പദ്ധതിവിഹിതം കൃത്യമായി എല്ലാ ഡിവിഷനിലേക്കും എത്തിയത് ചർച്ചചെയ്യുമെന്ന് കണ്ടപ്പോഴാണ് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിയത്. ഏതുവിധേനയും അധികാരംപിടിക്കുവാൻ യുഡിഎഫ് ഉന്നത നേതൃത്വത്തിന്റെ അറിവോടെ ട്വന്റി 20 യും ആയി സഖ്യം ചേരുന്ന ഈ അവസരവാദ കൂട്ടുകെട്ടിനെ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുമെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർഅലി, വൈസ് പ്രസിഡന്റ് അജിഹക്കീം, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ അസീസ്മൂലയിൽ, അംഗങ്ങളായ സുധീർമീന്ത്രക്കൽ, കെ എം സിറാജ്, ഷീജപുളിക്കൽ എന്നിവർപറഞ്ഞു.
അതിനിടെ ഭരണം ഒരു വർഷം പിന്നിട്ടപ്പോൾ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ 50 വർഷത്തോളം പിന്നോട്ട് അടിപ്പിക്കുന്ന പ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്ന് പ്രതീപക്ഷാംഗങ്ങൾ ആരോപിച്ചു. ജില്ലയിൽ എറണാകുളം ഏറ്റവും പിന്നിലാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തെന്നും പ്രതിപക്ഷ മെമ്പർമാരായ ഷെമീർ തുകലിൽ,​ ലാലൻ കെ. മാത്യു,​ ഷാജിത നൗഷാദ്,​ രാജു, ലിസി സെബാസ്റ്റ്യൻ ആബിദ ശരീഫ്,​ സതിഗോപി,​ സജ്‌ന നസീർ,​ അശ്വതി രതീഷ് എന്നിവർ ആരോപിക്കുന്നു.