വൈപ്പിൻ: കർത്തേടം സർവീസ് സഹകരണ ബാങ്കിൽ അംഗമായി 40 വർഷം പൂർത്തിയാക്കിയ 70 വയസ് തികഞ്ഞ സഹകാരികൾക്ക് നൽകി വരുന്ന വാർഷിക പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. പുത്തൻപുരക്കൽ പത്മനാഭന് പെൻഷൻ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

കൊവിഡ് സാഹചര്യവും അംഗങ്ങളുടെ പ്രായവും പരിഗണിച്ചു നടക്കുന്ന പെൻഷൻ വിതരണ പദ്ധതി വരും ദിവസങ്ങളിൽ വീടുകളിലെത്തിക്കും. മുറ്റത്തെമുല്ല വായ്പാപദ്ധതി വിപുലീകരിക്കാനും ഭിന്നശേഷിക്കാർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ചടങ്ങിൽ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ കെ. പി. അഭിലാഷ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് രജിസ്ട്രാർ കെ. സഞ്ജീവ് കർത്ത, അസിസ്റ്റന്റ് രജിസ്ട്രാർ കെ. ആന്റണി ജോസഫ്, പഞ്ചായത്ത് അംഗം മിനി സുനിൽ, കർത്തേടം റൂറൽ സൊസൈറ്റി പ്രസിഡന്റ് സി. എക്‌സ്. ആൽബർട്, ടി. യു. അബ്ദുൾഖാദർ, സെക്രട്ടറി പി. വി. അജിത, കെ. കെ. സാബു എന്നിവർ സംസാരിച്ചു.