ആലങ്ങാട്: മുപ്പത്തടം ജലശുദ്ധീകരണശാലയിൽ നിന്ന് ആലങ്ങാട് കുന്നേൽ ടാങ്കിലേക്കുള്ള വിതരണ പൈപ്പ് പാനായിക്കുളത്ത് തകർന്നതിനേതുടർന്ന് ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങി. 250 എം.എം. ആസ്ബസ്‌റ്റോസ് പൈപ്പാണ് ഇന്നലെ തകരാറിലായത്. അറ്റകുറ്റപ്പണിക്കായി പമ്പിംഗ് നിർത്തിവച്ചത് വേനൽക്കാലത്ത് ശുദ്ധജല ക്ഷാമം നേരിടുന്ന ജനങ്ങൾക്ക് ഇരട്ടി ദുരിതമായി. ഇതേ പൈപ്പ് രണ്ടു ദിവസം മുമ്പ് മുപ്പത്തടം പഞ്ചായത്ത് കവലയിൽ തകരാറിലായിരുന്നു. 30 ദിവസത്തിനിടെ 5 തവണയാണ് പൈപ്പ് തകർന്നത്. ജലശുദ്ധീകരണ ശാലയിൽ നിന്നു വിതരണം ചെയ്യുന്ന വെള്ളം തന്നെ അപര്യാപ്തമാണെന്നിരിക്കേ അടിക്കടിയുണ്ടാകുന്ന പൈപ്പ് തകരാർ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്.