കോലഞ്ചേരി: ഭൂഗർഭ മെട്രോ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാനാകാതെ യുക്രെയിനിലെ കരാസിനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ. മാമല സ്വദേശിയായ മെറിനടക്കം പതിനഞ്ച് വിദ്യാർത്ഥികളാണ് പുഷ്കിൻസ്കാ മെട്രോ സ്റ്റേഷനിലുള്ളത്. യുക്രെയിനിലെ വി.എൻ കരാസിൻ കാർഖീവ് നാഷ്ണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണിവർ. റഷ്യൻസേന ഇന്നലെ കരാസിൻ വളഞ്ഞതോടെ പുത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണിവർ. കൈവശമുണ്ടായിരുന്ന ഭക്ഷണവും തീർന്നു. റഷ്യൻ സേനയെ ആശ്രയിച്ച് അണ്ടർഗ്രൗണ്ടിൽ നിന്ന് രക്ഷപ്പെടാൻ സാദ്ധ്യത തേടുകയാണവർ. കരാസിനിൽ നിന്ന് റഷ്യൻ നിയന്ത്രണത്തിലുള്ള ബൽഗറാസ് എയർപോർട്ടുവഴി രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസിയുമായി ഇവർ ബന്ധപ്പെടുന്നുണ്ട്. നിലവിൽ തുടരുന്ന സ്ഥലത്ത് നിന്ന് പുറത്തിറങ്ങരുതെന്ന നിർദ്ദേശവുമുണ്ട്. ഹംഗറി ഭാഗത്തേക്ക് ട്രെയിൻ മാർഗം മാറ്റാമെന്ന് എംബസി നിർദ്ദേശിച്ചുവെങ്കിലും പിന്നീടതിന് കഴിയില്ലെന്ന് അറിയിച്ചു.