ആലുവ: ശിവരാത്രി ആഘോഷങ്ങളുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ആറ് ഡി.വൈ.എസ്.പിമാർ, 17 ഇൻസ്‌പെക്ടർമാർ, 116 എസ്.ഐ - എ.എസ്.ഐ മാർ ഉൾപ്പെടെ 3,000 പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും.

ഗതാഗത നിയന്ത്രണം

മണപ്പുറത്തേയ്ക്ക് വരുന്ന വാഹനങ്ങൾ സെമിനാരിപ്പടിയിൽ നിന്നും ജി.സി.ഡി.എ റോഡു വഴി വൺവേയായി മണപ്പുറത്തെത്തണം. മണപ്പുറം ഭാഗത്ത് നിന്നുള്ള ബസുകളും സ്വകാര്യ വാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി പറവൂർ കവലയിലെത്തണം. തോട്ടയ്ക്കാട്ടുക്കരയിൽ നിന്നും മണപ്പുറത്തേയ്ക്ക് വാഹന ഗതാഗതവും അനുവദിക്കില്ല.
കടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ തോട്ടയ്ക്കാട്ടുക്കരയിൽ യാത്ര അവസാനിപ്പിക്കണൺ. തിരികെ ഇടത്തോട്ട് തിരിഞ്ഞ് പറവൂർകവല, യു.സി കോളേജ്, കടുങ്ങല്ലൂർ വഴി പോകണം. അങ്കമാലിയിൽ നിന്നുള്ള സ്വകാര്യ ബസുകൾ പറവൂർ കവലയിൽ ആളെയിറക്കി മടങ്ങണം.
എറണാകുളത്ത് നിന്നും എൻ.എച്ച് വഴി ആലുവയ്ക്ക് വരുന്ന സ്വകാര്യ ബസുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി സ്റ്റാന്റിലെത്തണം. തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് മെട്രോ സർവീസ് റോഡ് വഴി പോകണം. എറണാകുളത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി സ്വകാര്യ സ്റ്റാൻഡിലെത്തണം. തിരികെ ബാങ്ക് ജംഗ്ഷൻ ബൈപാസ് മെട്രോ സർവീസ് റോഡ് വഴി മടങ്ങണം.
പെരുമ്പാവൂർ നിന്നുള്ള കെ.എസ് ആർ.ടി.സി ബസുകൾ പമ്പ് ജംഗ്ഷൻ വഴി ടൗൺ ഹാളിന് മുൻവശമുള്ള താത്കാലിക സെന്ററിലെത്തണം. അവിടെ നിന്ന് തിരികെ സർവീസ് നടത്തണം. പെരുമ്പാവൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഡി.പി.ഒ ജംഗ്ഷൻ വഴി ഗവ. ഹോസ്പിറ്റൽ കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കണം. തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവീസ് റോഡിലൂടെ പുളിഞ്ചോട് ജംഗ്ഷനിലെത്തി കാരോത്തുകുഴി വഴി ആശുപത്രി, റെയിൽവേ, പമ്പ് ജംഗ്ഷൻ വഴി പോകണം.
ഒന്നിന് വൈകീട്ട് എട്ട് മുതൽ ബാങ്ക് കവല മുതൽ ടൗൺഹാൾ റോഡ് വരെ വാഹന ഗതാഗതം അനുവദിക്കില്ല. ഇതേസമയത്ത് എൻ.എച്ച് ഭാഗത്തു നിന്നും ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംഗ്ഷനിൽ നിന്നും കാരോത്തുകുഴി, ആശുപത്രി കവല വഴി പോകണം. എറണാകുളത്തു നിന്നുള്ള വലിയ വാഹനങ്ങൾ കളമശേരിയിൽ നിന്നും കണ്ടെയ്‌നർറോഡ് വഴി പറവൂർ, മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജംഗ്ഷൻ വഴി പോകണം.