sdpy2
റവന്യൂ അധികൃതർ പൊളിച്ചു നീക്കിയ പള്ളുരുത്തി വെളി മൈതാനിയിലെ ഗേറ്റും വേലിയും എസ്.ഡി.പി.വൈ അധികൃതർ പുന:സ്ഥാപിക്കുന്നു

കൊച്ചി: പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിന് മുന്നിലെ മൂന്നേക്കർ വെളി മൈതാനം അനുകൂല ഹൈക്കോടതിവിധിയെ തുടർന്ന് എസ്.ഡി.പി.വൈ ഇന്നലെ വൈകിട്ട് അടച്ചുകെട്ടി ഗേറ്റ് സ്ഥാപിച്ചു.

എട്ട് പതിറ്റാണ്ടിലേറെയായി എസ്.ഡി.പി.വൈയുടെ കൈവശത്തിലായിരുന്ന സ്ഥലം റവന്യൂഭൂമിയാണെന്ന് പറഞ്ഞ് പിടിച്ചെടുക്കാനുള്ള ഫോർട്ടുകൊച്ചി ആർ.ഡി.ഒയുടെ നീക്കത്തിന് തിരിച്ചടിയായി ഈ സംഭവം.

1939ൽ എസ്.ഡി.പി.വൈ സ്കൂളിന്റെ ആവശ്യത്തിനായി കൊച്ചി രാജാവ് നൽകിയ ഭൂമിയാണിത്. പിന്നീട് സംസ്ഥാന സർക്കാരും അനുമതി നൽകിയിരുന്നു.

സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്നുവില്പനക്കാരുടെയും ശല്യം മൂലവും അനധികൃത പാർക്കിംഗ് മൂലവും സ്കൂളിലെ കുട്ടികൾക്ക് ഗ്രൗണ്ട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് എസ്.ഡി.പി.വൈ അധികൃതർ പൊളിഞ്ഞു കിടന്ന ഭാഗത്ത് വീണ്ടും ഇരുമ്പുവേലി കെട്ടി ഗേറ്റ് സ്ഥാപിച്ചത്. ഇതേ തുടർന്ന് സ്ഥലം കൗൺസിലർ സി.ആർ.സുധീറും സി.പി.എം പള്ളുരുത്തി ഏരിയാ കമ്മിറ്റിയും നൽകിയ പരാതിയിൽ ക്ഷിപ്രവേഗത്തിൽ നടപടിയുണ്ടായത്.

നിയമവിരുദ്ധമായ നടപടിക്കെതിരെ എസ്.ഡി.പി.വൈ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഇടക്കാല ഉത്തരവിൽ വേലിയും ഗേറ്റും പുന:സ്ഥാപിക്കാൻ ഉത്തരവിടുകയായിരുന്നു.

കേസ് മാർച്ച് പത്തിന് അന്തിമവാദത്തിനായി വീണ്ടും പരിഗണിക്കുന്നുണ്ട്.

എസ്.ഡി.പി.വൈ സ്ഥാപിച്ച ഇരുമ്പുകുറ്റികളും വേലികളും നീക്കം ചെയ്ത വകയിൽ നാല് ലക്ഷം രൂപയോളം നഷ്ടമുണ്ടായതായിട്ടുണ്ട്.

ഗേറ്റും വേലിയും പുന:സ്ഥാപിക്കാൻ എസ്.ഡി.പി.വൈ പ്രസിഡന്റ് സി.ജി പ്രതാപൻ, എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ പ്രസിഡന്റും സ്കൂൾ മാനേജരുമായ എ.കെ.സന്തോഷ്, ദേവസ്വം മാനേജർ കെ.ആർ.വിജയനാഥ്, യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, യൂണിയൻ കൗൺസിലർ ഷിജു ചിറ്റേപ്പിള്ളി, കെ.വി.സരസൻ തുടങ്ങിയവർ നേതൃത്വം നൽകി.

 ഇത് സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള സ്ഥലമാണ്. അന്യായമായാണ് പിടിച്ചെടുക്കാൻ ശ്രമിച്ചത്. സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്നു മാഫിയയുടെയും ശല്യം മൂലമാണ് ഗേറ്റ് സ്ഥാപിച്ചത്. പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും നിയമം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണം.

സി.ജി.പ്രതാപൻ

പ്രസിഡന്റ്, എസ്.ഡി.പി.വൈ