
കൊച്ചി : ന്യൂഡൽഹിയിലെ ചെങ്കോട്ടയുടെ മാതൃകയിലാണ് മറൈൻ ഡ്രൈവിലെ സമ്മേളനവേദി. ചുറ്റും ചെങ്കോട്ടയുടെ മതിലിന്റെ മാതൃകയിൽ കെട്ടിമറച്ചിട്ടുണ്ട്. ചെങ്കോട്ടയുടെ അങ്കണത്തിനു സമാനമാണ് പ്രതിനിധി സമ്മേളനം നടക്കുന്ന ബി.രാഘവൻ നഗർ. തട്ടുതട്ടായി ഇരിപ്പിടങ്ങൾ.
400 പേരാണ് പ്രതിനിധികൾ. പുറമേ സംസ്ഥാന കമ്മിറ്റി നിയോഗിച്ച 23 നിരീക്ഷകരും സംസ്ഥാന കമ്മിറ്റിയംഗങ്ങളും നാലു ദിവസം ഇവിടെ ചെലവഴിക്കും. ഒന്നിന് പതാക ഉയർത്തലിനു ശേഷമാകും സമ്മേളനത്തിന്റെ ഭാഗമായ വിവിധ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കുക. നാലിന് ഉച്ചയ്ക്ക് സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പു വരെ പാർട്ടിയുടെ സംസ്ഥാനത്തെ ഗതി നിർണയിക്കുന്ന ചർച്ചകൾക്ക് ഇവിടം സാക്ഷ്യം വഹിക്കും.
കൊവിഡ് പ്രതിരോധത്തിനായി പ്രത്യേക സംവിധാനങ്ങളും വേദിയിൽ ഒരുക്കിയിട്ടുണ്ട്. ബാക്ടീരിയ, വൈറസ്നശീകരണത്തിനുള്ള ഉപകരണം സ്ഥാപിച്ചു കഴിഞ്ഞു. ഹെലിപ്പാഡിലെ അഭിമന്യു നഗറിലാണ് പൊതുജനങ്ങൾക്ക് പ്രവേശനമുള്ള കലാ, സാംസ്കാരിക പരിപാടികളും സെമിനാറുകളും. അടുക്കളയും ഭക്ഷണശാലയും സമ്മേളനസ്ഥലത്തു തന്നെ ഒരുക്കിയിട്ടുണ്ട്. പ്രതിനിധികൾക്ക് താമസ സൗകര്യം മറൈൻ ഡ്രൈവിനു സമീപമുള്ള 11 ഹോട്ടലുകളിൽ.