കോതമംഗലം: വഴിയില്ലാതെ ദുരിതത്തിലായി കോട്ടപ്പടി പഞ്ചായത്ത് മൂന്നാംവാർഡിലെ കൂവകണ്ടം ചാലിൽ താമസിക്കുന്ന 22 കുടുംബങ്ങൾ. വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെയാണ് ഇവർ യാത്രചെയ്യുന്നത്. കോട്ടപ്പാറ വനത്തിന് സമീപത്തുകൂടിയുള്ള ദുർഘടമായ വഴിയിലൂടെയാണ് നിലവിൽ വാഹനങ്ങൾ കോളനിയിൽ എത്തിച്ചേരുന്നത്. പലപ്പോഴും വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാൽ ജീപ്പ് പോലുള്ള വാഹനങ്ങളിൽ മാത്രമേ കോളനിയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.

ഒരു വർഷം മുന്നേ വീട്ടിൽവെച്ച് അവശനായ ജോമോനെന്ന യുവാവ് മരണമടഞ്ഞപ്പോഴാണ് കോളനിവാസികൾ വഴിയെക്കുറിച്ച് കാര്യമായി ചിന്തിച്ചുതുടങ്ങിയത്. കോളനിവാസികൾ പഞ്ചായത്ത് മെമ്പർ മുഖേന നൽകിയ അപേക്ഷയിൽ വനംവകുപ്പ് വഴിയുമായി ബന്ധപ്പെട്ട് എതിർപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന് അപേക്ഷ നൽകാനും മറുപടിയിൽ നിർദ്ദേശിക്കുന്നു. തങ്ങളുടെ ആവശ്യം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അതിന് അധികാരികളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഇവർ.