
കൊച്ചി: പരിക്കേറ്രതും അവശനിലയിലായതുമായ തെരുവുനായ്ക്കളെ സംരക്ഷിക്കാൻ ജില്ലയിൽ അത്യാധുനിക അഭയകേന്ദ്രമൊരുങ്ങുന്നു. ഒരേസമയം ആയിരത്തിലധികം നായ്ക്കളെ ഇവിടെ സംരക്ഷിക്കാനാകും. വിദേശങ്ങളിലേതിന് സമാനമായ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയും നൽകും!
കൊച്ചിയിലെ പത്തോളം യുവസംരംഭകരുടെ കൂട്ടായ്മയിലുള്ള ജീവകാരുണ്യ സംഘടനയായ സാന്ത്വനമാണ് 'സേവ് അനിമൽ യോജന"യെന്ന പദ്ധതിക്ക് പിന്നിൽ. തൃപ്പൂണിത്തുറ വണ്ടിപ്പേട്ട, ആലുവ, നെടുമ്പാശേരി അത്താണി, പെരുമ്പാവൂർ എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്. അരയേക്കറിൽ വിശാലമായ ഷെൽട്ടറാണ് നിർമ്മിക്കുക. വൈകാതെ മറ്റ് ജില്ലകളിലും ആരംഭിക്കും.
എട്ടുമാസം മുമ്പ് വണ്ടിയിടിച്ച് പരിക്കേറ്റ തെരുവുനായയുടെ ജീവൻ രക്ഷിക്കാനാകാത്തതിന്റെ നൊമ്പരമാണ് സാന്ത്വനം ട്രെസ്റ്റി ചെയർമാനും മലപ്പുറം നിലമ്പൂർ സ്വദേശിയുമായ റിൻഷാദ് കരുവണ്ണിയുടെ മനസിൽ അത്യാധുനിക അഭയകേന്ദ്രമെന്ന ആശയമുണർത്തിയത്. സുഹൃക്കളോട് വിവരം പങ്കുവയ്ക്കുകയും അവർ കൈകോർക്കുകയും ചെയ്തു. തെരുവുനായ്ക്കൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് സമാനമായ ഡോഗ് കെയർ യൂണിറ്റ് ആദ്യമാണെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.
തിരികെ വിടും
വാഹനമിടിച്ച് പരിക്കേറ്റതും രോഗംബാധിച്ച് അവശതയിലുമായ തെരുവുനായ്ക്കളെ അഭയകേന്ദ്രത്തിലെത്തിക്കും. ഡോക്ടർമാർ പരിശോധിച്ച് ചികിത്സ ഉറപ്പാക്കും. ആരോഗ്യം വീണ്ടെടുത്താൽ തിരികെ കണ്ടെത്തിയ ഇടത്ത് തുറന്നുവിടും.
ഒരു കോടി രൂപയാണ് അഭയകേന്ദ്രത്തിന്റെ നിർമ്മാണത്തിനായി നീക്കിവച്ചിട്ടുള്ളത്. അത്യാധുനിക വെറ്രറിനറി ആശുപത്രിയും ഇതിനൊപ്പം നിർമ്മിക്കും.
വമ്പൻ പദ്ധതികൾ
അഞ്ചുകോടിയുടെ വമ്പൻ പദ്ധതികളാണ് സാന്ത്വനം കൂട്ടായ്‌മ ഒരുക്കുന്നത്. വൃദ്ധസദനം, ആയുർവേദ ചികിത്സ, യോഗ സെന്റർ, മൃഗപരിപാലനം തുടങ്ങിയവ ഇതിലുണ്ട്. മൃഗപരിപാലത്തിന്റെ ഭാഗമാണ് തെരുവുനായ്‌ക്കൾക്കുള്ള ഷെൽട്ടർ. രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എട്ടിടത്ത് പദ്ധതികൾക്ക് തുടക്കമാകും. രണ്ടെണ്ണം ഈവർഷം പൂർത്തിയാക്കും.
അഭയകേന്ദ്രത്തിൽ
•ഒബ്സർവേഷൻ റൂം
•ഐസൊലോഷൻ റൂം
•എ.സി ട്രീറ്റ്മെന്റ് റൂം
•ഗ്രൂമിംഗ് ഏരിയ
•ട്രെയിനിംഗ് ഏരിയ
•ഫുഡ് കോർണർ
•കേജ് ഏരിയ
•എക്സ്റേ, ലബോറട്ടറി
•ആംബുലൻസ് സർവീസ്
''തെരുവുനായ്ക്കളെ മാത്രമല്ല, അവശതയിലായ ഏത് മൃഗത്തിനും സേവ് അനിമൽ യോജന അഭയകേന്ദ്രത്തിൽ ചികിത്സയുണ്ടാകും. സ്ഥലം തീരുമാനിച്ച് ഉടൻ നിർമ്മാണം ആരംഭിക്കും"".
റിൻഷാദ് കരുവണ്ണി,
ചെയർമാൻ, സാന്ത്വനം