theater

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുവന്നതോടെ പഴയപ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിൽ തിയേറ്ററുകൾ. എന്നാൽ,​ പഴയരീതിയിലേക്ക് കച്ചവടമെത്താൻ ഇനിയും സമയമെടുക്കുമെന്നാണ് ഹോട്ടലുകളുടെ അഭിപ്രായം.

തിയേറ്ററുകൾ ഉഷാറാകും

ബ്രഹ്മാണ്ഡ ചിത്രങ്ങളടക്കം നൂറോളം പടങ്ങൾ റിലീസിന് സജ്ജമാണ്. അത്രത്തോളം ചിത്രങ്ങൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുമുണ്ട്. 45 ഓളം മലയാളചിത്രങ്ങളും 50 ഓളം അന്യഭാഷാ ചിത്രങ്ങളും ഉടൻ തിയേറ്ററുകളിലെത്തും. ആർ.ആർ.ആർ., കെ.ജി.എഫ്-2 സി.ബി.ഐ-5, ട്വൽത്ത് മാൻ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

മേയ്, ജൂൺ, ജൂലായ് വരെ തീയറ്ററുകൾക്ക് കൊയ്‌ത്തുകാലമാണ്. ഫാൻസ് ഷോകൾ നിറുത്താനുള്ള തീരുമാനവും വന്നാൽ അനാവശ്യ ഡിഗ്രേഡിംഗും ഇല്ലാതാകും. ഒ.ടി.ടി താത്കാലിക ലാഭത്തിനുള്ളതാണ്. യഥാർത്ഥ സംവിധായകനും നിർമ്മാതാവും സിനിമാ പ്രേമികളും ഒ.ടി.ടിയെ പിന്തുണയ്ക്കില്ലെന്ന് തിയേറ്ററുടമകൾ പറയുന്നു.

മങ്ങിയ പ്രതീക്ഷ

കഴിഞ്ഞ രണ്ടുവർഷമായി തകർന്ന് തരിപ്പണമാണ് സംസ്ഥാനത്തെ ഹോട്ടൽ മേഖല. 50 ശതമാനത്തോളം കരകയറിയെങ്കിലും മുമ്പത്തെ പോലെ കുടുംബവുമായി ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം കുറവാണ്. കൊവിഡ് ഭീതി ഇനിയും വിട്ടകലാനുണ്ടെന്ന് ഹോട്ടലുകാർ പറയുന്നു. കോഴിയിറച്ചിക്കും പച്ചക്കറികൾക്കും ഗ്യാസിനും ഉൾപ്പെടെയുള്ള വിലക്കയറ്റവും തിരിച്ചടിയാണ്.

"തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി 100 ശതമാനം ആക്കാമെന്നുള്ള തീരുമാനം നടപ്പാക്കിത്തുടങ്ങി. സിനിമാ ആസ്വാദകർ ഒ.ടി.ടി വിട്ട് തീയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ"

കെ. വിജയകുമാ‌ർ,​

സംസ്ഥാന പ്രസിഡന്റ്,​

ഫിയോക്ക്

''ഹോട്ടലുകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെട്ട് എം.എസ്.എം.ഇ ആനുകൂല്യം ലഭ്യമാക്കണം""

എം. മൊയ്ദീൻകുട്ടി ഹാജി,​

അഡ്വൈസറി ബോർഡ് ചെയർമാൻ

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.